കാലിഫോർണിയ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവിന് 707 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ നാനി എന്നറിയപ്പെടുന്ന മാത്യു സാക്ര്‌സെസ്ക് എന്ന യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്.

പരിചരണത്തിനിടെ 16 ആൺകുട്ടികളെയാണ് യുവാവ് പീഡിപ്പിച്ചത്. പ്രതിക്കെതിരെ പോലീസ് 34 കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2014 നും 2019 നും ഇടയിലാണ് യുവാവ് കുട്ടികളെ പീഡിപ്പിച്ചത്. ‘പുഞ്ചിരിയും ചിരിയും കൊണ്ട് വേഷംമാറിയ ഒരു രാക്ഷസൻ’ എന്നാണ് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കോടതിയിൽ പ്രതിയെ വിശേഷിപ്പിച്ചത്. പ്രതിക്ക് കുട്ടികളെ സംരക്ഷിക്കുന്നതിൽ താൽപ്പര്യമില്ലായിരുന്നു. ന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുക മാത്രമാണ് പ്രതി ചെയ്തതെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ പറഞ്ഞു.

2019 മെയ് മാസത്തിലാണ് പ്രതിക്കെതിരെ ആദ്യമായി പോലീസിൽ പരാതി ലഭിച്ചത്. തന്റെ എട്ട് വയസ്സുള്ള മകനെ പ്രതി അനുചിതമായി സ്പർശിച്ചെന്ന് വ്യക്തമാക്കി കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് നടത്തിയ പരിശോധനയിൽ തെക്കൻ കാലിഫോർണിയയിൽ മാത്രം 11 കുട്ടികൾ ചൂഷണത്തിനിരയായതായി കണ്ടെത്തി. 2019ൽ അറസ്റ്റിലായ പ്രതിയുടെ ശിക്ഷയാണ് കോടതി ഇപ്പോൾ വിധിച്ചത്.

കുട്ടികളെ പരിചരിക്കുമെന്ന് വൈബ്സൈറ്റിലൂടെ അറിയിച്ചാണ് മാത്യു രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നത്. യാഥാർഥ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. രക്ഷിതാക്കൾ പുറത്തുപോകുമ്പോൾ കുട്ടികളെ പരിചരിക്കൽ, രാത്രി പരിചരണം, മാർഗനിർദേശം നൽകൽ തുടങ്ങിയ വാഗ്ദാനങ്ങളാണ് നൽകിയിരുന്നത്. പരസ്യം കണ്ട് നിരവധി മാതാപിതാക്കൾ പ്രതിയെ ബന്ധപ്പെട്ടിരുന്നു.

ചെയ്ത പ്രവർത്തികളിൽ കുറ്റബോധമില്ലെന്നും കുട്ടികളെ ചിരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും മാത്യു കോടതിയിൽ പറഞ്ഞു. കുട്ടികളോടൊപ്പം പ്രവർത്തിക്കുന്നതും അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതും സന്തോഷം നൽകുന്ന കാര്യമാണെന്ന് യുവാവ് കൂട്ടിച്ചേർത്തു. ഇരകളായ കുട്ടികളുടെ കുടുംബത്തോട് മാപ്പ് പറയാനും പ്രതി തയ്യാറായില്ല.