ഇന്ത്യയെ തകർക്കണമെന്ന ആഗ്രഹത്തോടെ വിഘടന വാദം ഉയർത്തുന്ന ഖാലിസ്ഥൻ തീവ്രവാദികളെ (Khalistan terrorists) സഹായിക്കുന്ന നിലപാട് കൈക്കൊള്ളുന്ന പാകിസ്ഥാൻ (Pakistan) മറുവശത്ത് അതെ വിഘടനവാദികൾ ഉൾപ്പെടുന്ന സിക്കു സമുദായത്തിൻ്റെ മതവികാരം വ്രണപ്പെടുത്തിയിരിക്കുന്നു. പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സിഖുകാരുടെ പുണ്യസ്ഥലമായ കർതാർപൂർ സാഹിബ് ഗുരുദ്വാരയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നു വന്നിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച സിഖുകാരുടെ വിശുദ്ധ കർത്താർപൂർ ഗുരുദ്വാരയുടെ (ദർബാർ സാഹിബ്) പരിസരത്ത് പാകിസ്ഥാൻ നോൺ വെജ് പാർട്ടി സംഘടിപ്പിച്ചെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഈ പാർട്ടിയിൽ പാകിസ്ഥാനിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 

ന്യൂനപക്ഷ സമുദായങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന സംഭവങ്ങൾ ദിനംപ്രതി പാകിസ്ഥാനിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വാർത്തയും എത്തിയിട്ടുള്ളത്. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയ സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നാണ് ആഗോളതലത്തിലുള്ള സിഖ് സംഘടനകളുടെ ആവശ്യം. പാർട്ടിയിൽ ബാർബിക്യു ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ പാകം ചെയ്ത് വിളമ്പിയെന്നാണ് വിവരങ്ങൾ. അതേസമയം ഈ പാർട്ടിയിൽ മദ്യവും വിളമ്പിയിരുന്നതായി ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ആരോപിച്ചു. 

ദർബാർ സാഹിബ് ഗുരുദ്വാരയുടെ ദർശനി ദിയോരിക്ക് അഥവാ പ്രധാന കവാടത്തിൽ നിന്ന് 20 അടി മാത്രം അകലെ സംഘടിപ്പിച്ച ഈ പാർട്ടി ഏകദേശം മൂന്നു മണിക്കൂർ നീണ്ടുനിന്നു എന്നാണ് വിവരം. പാർട്ടി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നൃത്തങ്ങളും പാട്ടുകളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഈ വിരുന്ന് രാത്രി എട്ടു മണിക്കാണ് ആരംഭിച്ചത്. ഏകദേശം 11 മണി വരെ പാർട്ടി തുടർന്നിരുന്നു എന്നാണ് വിവരം. ഈ പാർട്ടിയിൽ എൺപതോളം പേർ പങ്കെടുത്തതായാണ് സൂചനകൾ. കർതാർപൂർ കോറിഡോർ പ്രോജക്ട് മാനേജ്‌മെൻ്റ് സിഇഒ സയ്യിദ് അബൂബക്കർ ഖുറേഷിയാണ് ഈ പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. നരോവൽ ജില്ലാ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഷാരൂഖും പൊലീസ് വകുപ്പിലെ നിരവധി ഉദ്യോഗസ്ഥരും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

ഗുരുദ്വാരയ്ക്ക് സമീപം ആഘോഷ പാർട്ടി നടക്കുന്നതിൻ്റെ നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പാർട്ടിയുടെ വീഡിയോ പുറത്തുവന്നതോടെ  ലോകമെമ്പാടുമുള്ള സിഖ് സമുദായാഗംങ്ങൾ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ആദ്യത്തെ സിഖ് ഗുരു ഗുരു ഗുരു നാനാക് അവസാന കാലം കഴിച്ചുകൂട്ടി എന്നും പറയപ്പെടുന്ന ഇടമാണ് കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ്. സിക്കുകാർ അത്രത്തോളം പ്രാധാന്യം നൽകുന്ന ഈ ഗുരുദ്വാരയ്ക്ക് സമീപം വച്ച് നടത്തിയ മാംസാഹാര പാർട്ടി ലോകമെമ്പാടുമുള്ള സിഖുകാരെ കോപാകുലരാക്കിയിരിക്കുകയാണ്. അതേസമയം കർതാർപൂർ ഗുരുദ്വാരയുടെ മുഖ്യ പുരോഹിതനായ ഗ്യാനി ഗോവിന്ദ് സിംഗും ഈ പാർട്ടിയിൽ ഉണ്ടായിരുന്നതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്യാനി ഗോവിന്ദ് സിംഗിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നതും. പാർട്ടിയ്ക്ക് എത്തിയ അതിഥികളോടൊപ്പം മുൻനിരയിൽ ഇരുന്ന ഗോവിന്ദ് സിംഗ് സയ്യിദ് അബൂബക്കർ ഖുറേഷിക്കൊപ്പം നൃത്തവും പാട്ടും ആസ്വദിക്കുകയായിരുന്നു. 

ഗുരുദ്വാരയ്ക്ക് സമീപം മാംസാഹാര പാർട്ടി നടന്നുവെന്ന സംഭവം പുറത്തുവന്നതിന് പിന്നാലെ സിഖ് നേതാവും ഭാരതീയ ജനതാ പാർട്ടി ദേശീയ സെക്രട്ടറിയുമായ മഞ്ജീന്ദർ സിംഗ് സിർസ പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക് എതിരെ രംഗത്തെത്തിയിരുന്നു.  ‘ശ്രീ കർതാർപൂർ സാഹിബ് ഗുരുദ്വാരയുടെ പുണ്യസ്ഥലത്ത് മദ്യവും മാംസവും ഉൾപ്പെടെ പാർട്ടി നടത്തുകയും അവിടം അശുദ്ധമാക്കുകയും ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഈ പാർട്ടിയിൽ കർതാർപൂർ ഗുരുദ്വാര മാനേജ്‌മെൻ്റ് കമ്മിറ്റിയും ഇടപെട്ടു എന്നുള്ളത് നിരാശാജനകമാണ്. ഉത്തരവാദികളായ എല്ലാവർക്കുമെതിരെ എത്രയും വേഗം കർശന നടപടിയെടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പാകിസ്ഥാൻ സർക്കാർ ന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷിക്കുന്നതിൽ അനുഭവം കാണിക്കരുത്´- സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കു വച്ചുകൊണ്ട് സിർസ പറഞ്ഞു. പാകിസ്ഥാൻ ഭരണകൂടത്തിന് കീഴിൽ സിഖ് സമൂഹം വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.