ഒക്ടോബർ ഏഴിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ ഇസ്രായേൽ സ്വന്തം പൗരന്മാരെ കൂട്ടക്കൊല ചെയ്തുവെന്ന പലസ്തീൻ നാഷണൽ അതോറിറ്റിയുടെ അവകാശവാദം യുക്തിവിരുദ്ധമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അവകാശവാദം സത്യത്തിന് വിപരീതമാണെന്നും നെതന്യാഹു പറഞ്ഞു. 

പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലാണ് പലസ്തീൻ അതോറിറ്റി. കൂട്ടക്കൊലയുടെ അസ്തിത്വം നിഷേധിച്ച, മഹമൂദ് അബ്ബാസിന്റെ അഭിപ്രായങ്ങൾ  ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസിന്റെ അസ്തിത്വം നിഷേധിക്കുന്നതാണെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞു. 

“ഇന്ന്, ‌പലസ്തീൻ അതോറിറ്റി തീർത്തും അപകീർത്തികരമായ ഒരു കാര്യം പറഞ്ഞു. ഗാസയ്ക്ക് സമീപം നടന്ന മ്യൂസിക് ഫെസ്റ്റിവെലിൽ ഭീകരമായ കൂട്ടക്കൊല നടത്തിയത് ഹമാസാണെന്ന് അവർ നിഷേധിച്ചു. ആ കൂട്ടക്കൊല നടത്തിയത് ഇസ്രായേൽ ആണെന്നാണ് ഈ ആരോപണത്തിന് പിന്നിൽ. ഇത് സത്യത്തിന്റെ പൂർണ്ണമായ വിപരീതമാണ്. മുൻകാലങ്ങളിൽ ഹോളോകോസ്റ്റിന്റെ അസ്തിത്വം നിഷേധിച്ച അബു മാസെൻ (മഹമൂദ് അബ്ബാസ്) ഇന്ന് ഹമാസ് കൂട്ടക്കൊലയുടെ അസ്തിത്വം നിഷേധിക്കുകയാണ്, അത് അംഗീകരിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.

പലസ്തീൻ പ്രസിഡന്റിന്റെ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും മേഖലയിൽ സമാധാനം കൈവരിക്കാനുള്ള മാർഗം ഇതല്ലെന്നും നെതന്യാഹു പറഞ്ഞു.  അതിനിടെ ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ നിന്നും പുതിയ വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ തട്ടികൊണ്ടുപോയ രണ്ട് പേരെ അൽ-ഷിഫ ആശുപത്രിയിൽ ബന്ദികളാക്കിയതായും എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അവകാശപ്പെട്ടു.

“ബന്ദികളാക്കിയവരിൽ ഒരാൾക്ക് പരിക്കേറ്റു. മറ്റൊരൾ ചികിത്സയിരിക്കുന്നു,” ഐഡിഎഫ് എക്സ് പോസ്റ്റിൽ പറഞ്ഞു. ഹമാസ് ഭീകരർ ആശുപത്രിയെ തീവ്രവാദ അടിസ്ഥാന സൗകര്യമായി ഉപയോഗിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഇസ്രായേൽ പറഞ്ഞു. മറ്റൊരു വീഡിയോയിൽ, അൽ-ഷിഫ ആശുപത്രി സമുച്ചയത്തിന് 10 മീറ്റർ അടിയിൽ 55 മീറ്റർ നീളമുള്ള ഒരു തുരങ്കം സൈന്യം കണ്ടെത്തിയതായി ഇസ്രായേൽ പറഞ്ഞു. ഹമാസ് ഗാസ നിവാസികളെയും ആശുപത്രിയിലെ രോഗികളെയും മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് കണ്ടെത്തലെന്നും ഐഡിഎഫ് പറഞ്ഞു.