ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ നിന്നും പുതിയ വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ തട്ടികൊണ്ടുപോയ രണ്ട് പേരെ അൽ-ഷിഫ ആശുപത്രിയിൽ ബന്ദികളാക്കിയതായും എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അവകാശപ്പെട്ടു.

“ബന്ദികളാക്കിയവരിൽ ഒരാൾക്ക് പരിക്കേറ്റു. മറ്റൊരൾ ചികിത്സയിരിക്കുന്നു,” ഐഡിഎഫ് എക്സ് പോസ്റ്റിൽ പറഞ്ഞു. ഹമാസ് ഭീകരർ ആശുപത്രിയെ തീവ്രവാദ അടിസ്ഥാന സൗകര്യമായി ഉപയോഗിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഇസ്രായേൽ പറഞ്ഞു. മറ്റൊരു വീഡിയോയിൽ, അൽ-ഷിഫ ആശുപത്രി സമുച്ചയത്തിന് 10 മീറ്റർ അടിയിൽ 55 മീറ്റർ നീളമുള്ള ഒരു തുരങ്കം സൈന്യം കണ്ടെത്തിയതായി ഇസ്രായേൽ പറഞ്ഞു. ഹമാസ് ഗാസ നിവാസികളെയും ആശുപത്രിയിലെ രോഗികളെയും മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് കണ്ടെത്തലെന്നും ഐഡിഎഫ് പറഞ്ഞു.

അതിനിടെ ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ചെങ്കടലിൽ വച്ച്, യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് വന്നത് ഇസ്രയേൽ കപ്പലാണെന്ന് സംശയിച്ചാണു തട്ടിയെടുത്തത്. എന്നാൽ ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ കമ്പനിയാണ് നിയന്ത്രിക്കുന്നതെന്നും ഇത് ഇസ്രായേലിന്റേതല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. കപ്പലിൽ ഇസ്രയേലികൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ ഇറാൻ ഭീകരപ്രവർത്തനമെന്നാണ് ടെൽ അവീവ് വിശേഷിപ്പിച്ചത്. കൂടാതെ ആഗോള തലത്തിൽ ഇത് വളരെ ഗുരുതരമായ സംഭവമാണെന്നും ടെൽ അവീവ് പറഞ്ഞു. കപ്പൽ തട്ടിയെടുത്തതായി ഹൂതികൾ സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ കപ്പൽ പിടിച്ചെടുത്തതായാണ് അവർ അവകാശപ്പെട്ടത്. തെക്കൻ ചെങ്കടലിൽ നിന്നും കപ്പൽ യെമൻ തുറമുഖത്തേക്ക് കൊണ്ടുപോയതായി സംഘം അറിയിച്ചു. 

“ഇസ്‌ലാമിക തത്വങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായാണ് ഞങ്ങൾ കപ്പലിലെ ജീവനക്കാരോട് പെരുമാറുന്നത്,” ഗ്രൂപ്പിന്റെ സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഹൂതികൾ കപ്പൽ തട്ടിയെടുത്തത്. ഉക്രേനിയൻ, ബൾഗേറിയൻ, ഫിലിപ്പിനോ, മെക്സിക്കൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.