ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. ഗവര്‍ണറുടെ നിഷ്‌ക്രിയത്വം ആശങ്കാജനകമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. പഞ്ചാബ് സര്‍ക്കാര്‍ കേസില്‍ പാസാക്കിയ നവംബര്‍ 10ലെ ഉത്തരവിന് ശേഷം കെട്ടിക്കിടക്കുന്ന ബില്ലുകളില്‍ മാത്രം ഗവര്‍ണര്‍ നടപടിയെടുത്തതില്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ഗവര്‍ണര്‍ തിരിച്ചയച്ച 10 ബില്ലുകള്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പാസാക്കിയിരുന്നു.
‘ഞങ്ങളുടെ ഉത്തരവ് നവംബര്‍ 10-ന് പാസാക്കിയതിലാണ് ഞങ്ങളുടെ ആശങ്ക. ഈ ബില്ലുകള്‍ 2020 ജനുവരി മുതല്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്. അതായത് കോടതി നോട്ടീസ് നല്‍കിയതിന് ശേഷമാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. മൂന്ന് വര്‍ഷമായി ഗവര്‍ണര്‍ എന്താണ് ചെയ്യുന്നത്? കക്ഷികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് വരെ അദ്ദേഹം കാത്തിരുന്നത് എന്തിനാണ്?’, കോടതി ചോദിച്ചു.
പിന്നാലെ ശനിയാഴ്ച ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ 10 ബില്ലുകള്‍ നിയമസഭ വീണ്ടും അംഗീകരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ ബെഞ്ചിനെ അറിയിച്ചു. ഇതോടെ കേസ് ഡിസംബര്‍ ഒന്നിലേക്ക് കോടതി മാറ്റിവച്ചു. നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ലുകള്‍ രവി നവംബര്‍ 13 ന് തിരിച്ചയച്ചതിനെ തുടര്‍ന്നാണ് പാസാക്കിയത്. നിയമസഭ വീണ്ടും പാസാക്കിയ പത്ത് ബില്ലുകള്‍ ഉള്‍പ്പെടെ 15 ബില്ലുകളാണ് ഗവര്‍ണറുടെ പരിഗണനയിലുള്ളത്.
ഗവര്‍ണര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയായി ഉയര്‍ത്തിക്കാട്ടിയെന്ന് ആരോപിച്ച് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവര്‍ണറുടെ ‘ആഗ്രഹങ്ങളും ഭാവുകങ്ങളും’ കാരണം ബില്ലുകള്‍ തടഞ്ഞുവച്ചെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിമര്‍ശനം.
അതേസമയം, ശനിയാഴ്ച പ്രത്യേക സമ്മേളനത്തിനിടെ എഐഎഡിഎംകെയും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വാക്കൗട്ട് നടത്തിയിരുന്നു. സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കെ, ബില്ലുകള്‍ വീണ്ടും അംഗീകരിക്കാന്‍ പ്രത്യേക സമ്മേളനം നടത്തുന്നത് എന്തിനാണെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. വീണ്ടും അംഗീകരിച്ച ബില്ലുകള്‍ പിന്നീട് ഗവര്‍ണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്.