തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വടൂക്കര സ്വദേശികളായ കൃഷ്ണഭക്തരായ ദമ്പതികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുന്നതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഭീഷണി മുഴക്കുന്നതായി പരാതി. വടൂക്കര മാവിന്‍ ചുവട് സ്വദേശികളായ പ്രശാന്തും ഭാര്യ പ്രിയയുമാണ് പരാതിക്കാര്‍. നെടുപുഴ പൊലീസില്‍ പരാതി നല്‍കിയതായും ഇവര്‍ പറയുന്നു.

ജനം ടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഭീഷണി മൂലം തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇവര്‍ പറയുന്നു. കച്ചവടം മെച്ചപ്പെടുത്താന്‍ പണം തരാമെന്ന് പറഞ്ഞ് സമീപിച്ച ഒരു യുവാവിന്റെ ഭാര്യയോടുള്ള സമീപനം ശരിയല്ലെന്ന് തോന്നിയ പ്രശാന്ത് അയാളുടെ സഹായം നിരസിച്ചു. ഇതോടെയാണ് ഇയാളുടെ സ്വാധാീനത്തില്‍ ഇസ്ലാമിസ്റ്റ് സംഘം ഭീഷണിപ്പെടുത്തുന്നതായി പ്രിയയും പ്രശാന്തും പറയുന്നത്. ഇരുവരും ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്.

പ്രശാന്തിന്റെയും പ്രിയയുടെയും കടയ്‌ക്ക് സമീപം ശത്രുക്കള്‍ മറ്റൊരു സ്ഥാപനം തുടങ്ങി. ഇവിടെ വധക്കേസ് പ്രതികളെ വരെ ജോലിക്ക് വെച്ചതായും പറയുന്നു. ഇവര്‍ നേരത്തെ പ്രശാന്തിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പറയുന്നു. ഞങ്ങള്‍ ഹിന്ദുമതവിശ്വാസികളായ പാവപ്പെട്ടവരാണെന്നും കൃഷ്ണഭക്തരായി സ്വസ്ഥമായി കച്ചവടം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും പ്രശാന്ത് പറയുന്നു. ഹിന്ദു ഭക്തിഗാനങ്ങള്‍ വെയ്‌ക്കുന്നതിനെയും സാമൂഹ്യദ്രോഹികള്‍ എതിര്‍ക്കുന്നതായും പരാതിയുണ്ട്. നേരത്തെ പ്രശാന്ത് പുറത്ത് ജോലിക്ക് പോയിരുന്നപ്പോള്‍ പ്രിയയായിരുന്നു കച്ചവടം നടത്തിയിരുന്നത്.

പിന്നീട് പ്രശാന്ത് ഹോട്ടലില്‍ തിരിച്ചെത്തിയതോടെയാണ് ഭീഷണികള്‍ വര്‍ധിച്ചതെന്ന് പറയുന്നു. മകളെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും പറയുന്നു. ജനിച്ചമണ്ണില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കുടുംബം. നല്ല ഒട്ടേറെ മുസ്ലിം സുഹൃത്തുക്കള്‍ തങ്ങള്‍ക്കുണ്ടെങ്കിലും തീവ്രമതചിന്തയുള്ള കുറെപ്പേരാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പ്രശാന്ത് പറയുന്നു. തന്റെ മകള്‍ക്കോ തനിക്കോ ഭാര്യയ്‌ക്കോ നാളെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന് കാരണം തീവ്ര ഇസ്ലാമിസ്റ്റുകളാണെന്ന് പ്രശാന്ത് പറയുന്നു.