ടി തൃഷക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ പ്രതികരണവുമായി നടൻ മൻസൂർ അലിഖാൻ. തമാശരീതിയിലുള്ള പരാമർശമായിരുന്നു തന്റേതെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിധരിക്കുകയായിരുന്നുവെന്നും മൻസൂർ അലിഖാൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

‘മനുഷ്യനെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി ഞാൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരും. എന്റെ വ്യക്തിത്വത്തെ ഇങ്ങനെ ചോദ്യം ചെയ്യേണ്ടതില്ല. എനിക്കെതിരെയുള്ള അപകീർത്തിപ്രചാരണമല്ലാതെ ഇതിൽ മറ്റൊന്നുമില്ല. മനുഷ്യരാശിക്ക് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. തമിഴ് ജനതയ്ക്ക് എന്നെ അറിയാം. ഞാനാരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്.

തമാശയായാണ് ഞാൻ അങ്ങനെ പറഞ്ഞത്. എഡിറ്റ് ചെയ്ത വീഡിയോ ആയിരിക്കാം തൃഷ കണ്ടത്. അതാണ് അവർക്ക് അങ്ങനെയൊരു തെറ്റിധാരണ വന്നത്. എന്റെ മകൾ തൃഷയുടെ വലിയ ആരാധികയാണ്. ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ട്’, മൻസൂർ അലിഖാൻ പറഞ്ഞു. സഹനടിമാരോട് എപ്പോഴും തനിക്ക് ബഹുമാനമാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കരുതുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.