ഏറ്റുമാനൂർ:വീട്ടുവളപ്പിലെ പച്ചക്കറി സംഭരണകേന്ദ്രത്തിൽ തൊഴിൽ നിഷേധിച്ചുവെന്നാരോപിച്ച് വ്യാപാരിയുടെ വീടിന്റെ ഗേറ്റ് പൂട്ടി തൊഴിലാളികൾ കൊടിനാട്ടി. അതിരമ്പുഴയിലാണ് സി.ഐ.ടി.യു.-ഐ.എൻ.ടി.യു.സി. തൊഴിലാളികൾ വീട് തടസ്സപ്പെടുത്തി സമരംചെയ്തത്. അതിരമ്പുഴയിലെ പച്ചക്കറി വ്യാപാരി പി.എസ്. സതീഷ് കുമാർ(48)നാണ് ദുരനുഭവം. ഒരുവർഷമായി നീണ്ടുനിൽക്കുന്ന തർക്കത്തിനൊടുവിലാണ് സംഭവം. സതീഷിന് അനുകൂലമായി ഹൈക്കോടതി വിധിയുള്ളതാണ്.

മാർക്കറ്റിലെ ഇദ്ദേഹത്തിന്റെ കടയിൽ തൊഴിലാളികൾക്ക് സ്ഥിരമായി പണിയുണ്ട്. വീടിന്റെവളപ്പിൽ പച്ചക്കറി സംഭരണകേന്ദ്രം തുടങ്ങിയപ്പോൾ സ്വകാര്യത മാനിച്ച് പുറത്ത് ആർക്കും പണി നൽകിയില്ല. ഇതോടെയാണ് തർക്കം തുടങ്ങിയത്. വീട്ടുവളപ്പിലും തൊഴിൽ ആവശ്യപ്പെട്ട തർക്കം ഹൈക്കോടതിയിൽ എത്തി. വ്യാപാരി നൽകിയകേസിൽ അദ്ദേഹത്തിന് അനുകൂലവിധിയും കിട്ടി. തൊഴിലാളികൾ സംഭരണകേന്ദ്രത്തിൽ പ്രവേശിക്കരുതെന്നാണ് കോടതിവിധി. ഇതിനെതിരേയാണ് സമരം.

“എന്റെ ഒരുലോഡ് പച്ചക്കറി ചീഞ്ഞുപോയി. ഇനി കച്ചവടം തടഞ്ഞാൽ ആത്മഹത്യമാത്രമാണ് മുന്നിൽ. അതിന്റെ ഉത്തരവാദിത്വം സി.പി.എം. ലോക്കൽ സെക്രട്ടറിക്കായിരിക്കും. വർഷങ്ങളായി താൻ തൊഴിൽ നൽകികൊണ്ടിരുന്ന തൊഴിലാളികൾ പുതിയ സംരംഭം തടസ്സപ്പടുത്തുകയാണ്. വീടിന്റെ വളപ്പിലെ പച്ചക്കറി സംഭരണകേന്ദ്രമാണിത്. 15 വർഷമായി വ്യാപാരരംഗത്തുള്ള താൻ ഭീമമായ കടക്കെണിയിലാണ്.”-സതീഷ് കുമാർ കരഞ്ഞുകൊണ്ട് പറഞ്ഞു.

കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽനിന്നെത്തിയ ഒരുലോഡ് പച്ചക്കറി ഇറക്കാൻ അനുവദിക്കാതെ ദിവസംമുഴുവൻ തടഞ്ഞിട്ടിരുന്നു. മുഴുവൻ ചീഞ്ഞു. രാത്രി ലോഡ് ഇറക്കാതെ തിരിച്ചയച്ചു. ലക്ഷങ്ങളാണ് ദിവസവുംനഷ്ടം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. മാർക്കറ്റിലെ തന്റെ കടയിൽ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നുണ്ട്. വീടിന്റെ വളപ്പിലെ പച്ചക്കറിസംഭരണിയിൽ പണിവേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. സി.ഐ.ടി.യു.വിൽപ്പെട്ട ഏഴ് തൊഴിലാളികളും ഐ.എൻ.ടി.യു.സി.യിൽപ്പെട്ട മൂന്നുതൊഴിലാളികളും അവരുടെ നേതാക്കളും ചേർന്നാണ് സമരംനടത്തുന്നത്.

വീട്ടിലെ വ്യാപാരത്തിന് അതിരമ്പുഴ പഞ്ചായത്തിൽനിന്ന് അനുവദിച്ച ലൈസൻസ് പാർട്ടിക്കാർ ഭീഷണിപ്പെടുത്തി റദ്ദാക്കിച്ചു. ഐ.എൻ.ടി.യു.സി. നേതാവും പഞ്ചായത്ത് മെമ്പറുമായ ആളാണ് ഇതിനുപിന്നിൽ.