മൈറ്റി ഓസീസ് എന്നത് ക്രിക്കറ്റിന്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട നാമമാണ്. പച്ചയണിഞ്ഞ പുൽമൈതാനത്ത് പകിട്ടോടെ നിറഞ്ഞുനിന്ന മഞ്ഞക്കുപ്പായക്കാരുടെ ചരിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടതിൽ. തങ്ങളുടെ അപ്രമാദിത്വം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയവർ. ഐ.സി.സി ടൂർണമെന്റുകളുടെ ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമെന്ന ചോദ്യത്തിനും മറ്റൊരു ഉത്തരമുണ്ടാവാനിടയില്ല. എന്നാൽ ആ ചരിത്രത്തിന് പൂർണത കൈവരുന്നത് 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പോടെയാണ്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കിരീടമണിഞ്ഞതോടെയാണ് എല്ലാ ഐ.സി.സി കിരീടങ്ങളും ഓസ്ട്രേലിയ സ്വന്തമാക്കുന്നത്. ലോകക്രിക്കറ്റിൽ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടം. ഓവലിലെ കലാശപ്പോരിൽ ഇന്ത്യയെ കീഴടക്കി ആ സ്വപ്നനേട്ടം ഓസീസ് സ്വന്തമാക്കുന്നത് ഒരു 30-കാരന്റെ നായകത്വത്തിലാണ്. പാട്രിക് ജെയിംസ് കമ്മിൻസ് അഥവാ പാറ്റ് കമ്മിൻസ് എന്ന ന്യൂ സൗത്ത് വെയിൽസ് കാരനിലൂടെ. അയാളുടെ കഥയ്ക്ക് പക്ഷേ അവിടെ പരിസമാപ്തി കുറിക്കപ്പെട്ടില്ല.
അയാൾ പിന്നേയും ഓസീസിന്റെ നായകനായി യാത്ര തുടർന്നു. 2023 ലോകകപ്പിനുള്ള സംഘത്തെ നയിക്കാനുള്ള ദൗത്യവും വന്നുചേർന്നു. ആ വിശ്വാസം കമ്മിൻസ് തെറ്റിച്ചില്ല. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നിശബ്ദമായ നീലക്കടലിനുനടുവിൽ കമ്മിൻസ് ചിരിച്ചു. കപ്പുയർത്തി. ടീമിനായി ലോകകിരീടം നേടിക്കൊടുത്ത വിഖ്യാത നായകൻമാരുടെ പട്ടികയിലേക്ക് കമ്മിൻസും വന്നുചേരുന്നു.
നടുവിരലിന്റെ അഗ്രം നഷ്ടപ്പെട്ട മൂന്ന് വയസുകാരൻ നടുവിലത്തെ സ്റ്റമ്പുകൾ പിഴുതുതുടങ്ങുന്ന കഥയെന്ന് പാറ്റ് കമ്മിൻസിന്റെ കരിയറിനെ സംഗ്രഹിക്കാം. ഒരർഥത്തിൽ അത് അങ്ങനെതന്നെയാണ്. കാരണം മൂന്നാം വയസ്സിൽ കുഞ്ഞു കമ്മിൻസിന് വലതുകൈയ്യിലെ നടുവിരലിന്റെ അഗ്രം നഷ്ടപ്പെടുന്നുണ്ട്. വീട്ടിൽ വെച്ചായിരുന്നു അപകടം. വാതിലിൽ കമ്മിൻസ് കൈ വെച്ചപ്പോൾ സഹോദരി അപ്രതീക്ഷിതമായി അടച്ചതാണ് കാരണം. എന്നാൽ ഇതൊന്നും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് കമ്മിൻസ് പിന്നീട് തുറന്നുപറയുന്നുണ്ട്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ മൗണ്ട് റിവർവ്യൂയിലാണ് നാല് സഹോദരങ്ങൾക്കൊപ്പം കമ്മിൻസ് വളരുന്നത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിൽ തത്പരനായിരുന്ന അവന്റെ ആരാധനാപാത്രം ഓസീസ് പേസ് ബൗളർ ബ്രെറ്റ് ലീയായിരുന്നു. ജൂനിയർ തലത്തിൽ ഗ്ലെൻബ്രൂക്ക്-ബ്ലാക്സ്ലാൻഡ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ചാണ് തുടക്കം. പിന്നാലെ ന്യൂ സൗത്ത് വെയിൽസ് അണ്ടർ-17, അണ്ടർ-19 ടീമുകളേയും പ്രതിനിധീകരിച്ചു.
2010-11 കെഎഫ്സി ട്വന്റി20 ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് കരിയറിലെ വഴിത്തിരിവാകുന്നത്. ടാസ്മാനിയയ്ക്കെതിരായ പ്രിലിമിനറി ഫൈനലിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത കമ്മിൻസ് മത്സരത്തിലെ താരവുമായി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരങ്ങളിലൊരാൾ കൂടിയായിരുന്നു കമ്മിൻസ്. 17-ാം വയസ്സിൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. 2010-11 സീസണിൽ ഓസ്ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ കമ്മിൻസ് തിളങ്ങി.
ദേശീയടീമിലേക്ക്
ആഭ്യന്തര ടൂർണമെന്റുകളിലെ മികവുറ്റ പ്രകടനം താരത്തിന് വൈകാതെ ദേശീയ ടീമിന്റെ വാതിലും തുറന്നു. 2011-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പയിലൂടെയാണ് ദേശീയ ടീമിലെ അരങ്ങേറ്റം. പരമ്പരയിൽ രണ്ട് ട്വന്റി20, മൂന്ന് ഏകദിന മത്സരങ്ങളിലും കമ്മിൻസ് പന്തെറിഞ്ഞു. പിന്നാലെ ഓസീസ് ടെസ്റ്റ് ടീമിലേക്കും ക്ഷണമെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജോഹന്നാസ്ബർഗ് ടെസ്റ്റിലൂടെയാണ് റെഡ്ബോൾ ക്രിക്കറ്റിലേക്ക് ചുവടുവെയ്ക്കുന്നത്. 1953-ൽ ഇയാൻ ക്രെയിഗിന് ശേഷം ഓസീസിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്രിക്കറ്റർ കൂടിയായിരുന്നു കമ്മിൻസ്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റെടുത്താണ് താരം വരവറിയിച്ചത്. അതോടെ ഒരു ഇന്നിങ്സിൽ ആറ് വിക്കറ്റെടുക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ടെസ്റ്റ് ക്രിക്കറ്ററെന്ന നേട്ടവും സ്വന്തമാക്കി. മത്സരത്തിലെ താരവും കമ്മിൻസായിരുന്നു. എന്നാൽ ഉപ്പൂറ്റിയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. തുടർന്ന് പല മത്സരങ്ങളും പുറത്തിരിക്കേണ്ടി വന്നു.
2012 ഓഗസ്റ്റിൽ ഓസ്ട്രേലിയയുടെ ഐ.സി.സി അണ്ടർ 19 ലോകകപ്പ് ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ട്വന്റി ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായും ചാമ്പ്യൻസ് ട്രോഫിയിൽ സിഡ്നി സിക്സേഴ്സിനായും കളിച്ചു. എന്നാൽ വീണ്ടും പരിക്കിന്റെ പിടിയിലായത് താരത്തെ പ്രതിസന്ധിയിലാക്കി. മൈതാനത്ത് പിന്നെ തിരിച്ചുവരുന്നത് 2013-ൽ ഓസ്ട്രേലിയ എ യ്ക്കുവേണ്ടിയാണ്. പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാൻ സാധിക്കാതെ വന്നതോടെ പിന്നേയും പുറത്തിരിക്കേണ്ടി വന്നു. 2014-ൽ ബിഗ് ബാഷ് ലീഗിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം 2015 ലോകകപ്പിൽ ഓസീസ് ടീമിലും ഇടം പിടിച്ചു. അന്ന് കിരീടത്തിൽ മുത്തമിട്ടാണ് കമ്മിൻസുൾപ്പെട്ട ഓസീസ് സംഘം മടങ്ങിയത്. ലോകകപ്പ് ജേതാവായെങ്കിലും കരിയറിലെ മുന്നോട്ടുപോക്കിന് എല്ലിനേറ്റ പരിക്ക് വിലങ്ങുതടിയായി. അഞ്ചു വർഷത്തിനിടെ നാലാം തവണയും താരം പരിക്കേറ്റ് പുറത്തായി. 2016-ൽ ആഭ്യന്തര ക്രിക്കറ്റിലൂടെ വീണ്ടും മൈതാനത്ത് മടങ്ങിവന്നു.
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം റെഡ് ബോൾ ക്രിക്കറ്റിലേക്ക് താരം മടങ്ങിയെത്തി. ഇന്ത്യയ്ക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിന് പകരക്കാരനായാണ് ടീമിലെത്തിയത്. അഞ്ചു വർഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ 21017-18 ആഷസ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിലേക്കും വിളിയെത്തി. പരമ്പരയിൽ ഇംഗ്ലണ്ടിനെതിരേ തകർപ്പൻ വിജയം സ്വന്തമാക്കുന്നതിൽ നിർണായകമായിരുന്നു കമ്മിൻസിന്റെ പ്രകടനം. 23-വിക്കറ്റോടെ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരവുമായി. ബാറ്റിങ്ങിലും ടീമിന് കാര്യമായ സംഭാവനയാണ് കമ്മിൻസ് നൽകിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ കരിയറിലെ ആദ്യ ടെസ്റ്റ് അർധ സെഞ്ചുറിയും നേടി. പരമ്പരയിൽ 22 വിക്കറ്റോടെ മികച്ച പ്രകടനം തുടർന്ന കമ്മിൻസ് ഓസീസ് നിരയിലെ സ്ഥാനം അരക്കെട്ടുറപ്പിച്ചു.
നായകനിലേക്ക്
2019-ജനുവരിയിൽ ട്രാവിസ് ഹെഡിനൊപ്പം ഓസ്ട്രേലിയയുടെ രണ്ട് ടെസ്റ്റ് ഉപനായകൻമാരിൽ ഒരാളുമായി. പിന്നീടങ്ങോട്ട് ഓസ്ട്രേലിയയുടെ ബൗളിങ് അറ്റാക്കിന്റെ ശക്തി കേന്ദ്രവുമായി ഈ ന്യൂ സൗത്ത് വെയിൽസ് കാരൻ മാറി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കരിയറിലെ കന്നി പത്ത് വിക്കറ്റ് നേട്ടവും കരസ്ഥമാക്കി. 14-വിക്കറ്റുകളുമായി പരമ്പരയിലെ താരവും മറ്റാരുമായിരുന്നില്ല. മികച്ച പ്രകടനത്തിന് അലൻ ബോർഡർ മെഡൽ സ്വന്തമാക്കിയ കമ്മിൻസ് ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതുമെത്തി. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ അഞ്ച് വിക്കറ്റെടുത്തു. വൈറ്റ് ബോൾ ക്രിക്കറ്റിലും അപകടകാരിയാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. വൈകാതെ 2019-ലെ മികച്ച പുരുഷ ടെസ്റ്റ് ക്രിക്കറ്റർക്കുള്ള ഐ.സി.സിയുടെ പുരസ്കാരം തേടിയെത്തി. ദേശീയ ടീമിലെ പ്രകടനം ഐ.പി.എല്ലിലും കമ്മിൻസിന്റെ മൂല്യം വർധിപ്പിച്ചു. 2020-ലേലത്തിൽ 15.5 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൂടാരത്തിലെത്തിച്ചത്. 2021-ൽ ഓസ്ട്രേലിയയെ ട്വന്റി 20 ലോകകപ്പ് വിജയികളാക്കുന്നതിലും നിർണായകമായിരുന്നു കമ്മിൻസിന്റെ പ്രകടനം.
ഓസ്ട്രേലിയയുടെ നായകപദവിയിലേക്കുള്ള അയാളുടെ സഞ്ചാരവും വിദൂരമായിരുന്നില്ല. 2021-നവംബറിൽ ഓസീസിന്റെ ടെസ്റ്റ് നായകനായി. ഓസ്ട്രേലിയയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പേസ് ബൗളർ ടീമിന്റെ പൂർണ ചുമതലയുള്ള നായകനായി മാറുന്നത്. ആഷസ് പരമ്പരയുൾപ്പെടെ പിന്നാലെ വന്ന മത്സരങ്ങളിലെല്ലാം സ്ഥിരതയാർന്ന പ്രകടനമായിരുന്നു കമ്മിൻസിന്റേത്. ആരോൺ ഫിഞ്ച് ഏകദിനക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ ഓസീസിന്റെ ഏകദിന നായകനായും പാറ്റ് കമ്മിൻസിനെ തിരഞ്ഞെടുത്തു. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി എല്ലാ ഐ.സി.സി ടൂർണമെന്റുകളും വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടം ഓസ്ട്രേലിയ സ്വന്തമാക്കുന്നതും കമ്മിൻസിന്റെ നായകമികവിലാണ്.
നല്ല പേസ് നിലനിർത്തിക്കൊണ്ട് തന്നെ ബോളിനെ സ്വിങ് ചെയ്യിക്കാൻ സാധിക്കുന്നുവെന്നതാണ് പാറ്റ് കമ്മിൻസെന്ന ബൗളറെ വേറിട്ടുനിർത്തുന്നത്. കൃത്യമായ പരിശീലനത്തിലൂടെയാണ് അത് നേടിയെടുത്തതെന്ന് കമ്മിൻസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരിക്ക് പലതവണ വില്ലനായിട്ടും കരുത്തോടെ തിരിച്ചുവന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായി അയാൾ മാറുന്നതും മറ്റൊന്നും കൊണ്ടല്ല. നിർണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷാപ്രവർത്തകനായി മാറുന്ന കാഴ്ചയും മൈതാനങ്ങളിൽ എത്രയോ വട്ടം കണ്ടു.
2023-ൽ വിശ്വകിരീടം തേടിയിറങ്ങിയപ്പോഴും അയാളുടെ പ്രകടനങ്ങൾ വേറിട്ടുനിന്നു. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് ലോകകപ്പ് സ്വപ്നങ്ങൾ തന്നെ മങ്ങലേറ്റ് തുടങ്ങിയ ഘട്ടത്തിൽ ടീമിനെ കമ്മിൻസ് ഉയർത്തിക്കൊണ്ടുവന്നു. പിന്നെ ഓസീസ് പരാജയമറിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം. അഫ്ഗാനെതിരായ പോരാട്ടത്തിൽ തകർച്ചയുടെ പടുകുഴിയിൽ നിന്ന് ടീമിനെ മാക്സ്വെൽ ഒറ്റക്കാലിൽ ജയിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ മറുവശത്ത് അതിന് അവസരമൊരുക്കിയ കമ്മിൻസിന്റെ ഇന്നിങ്സ് വിസ്മരിക്കാനാവില്ല. ഇരട്ടസെഞ്ചുറി നേടി മാക്സ്വെൽ ചരിത്രം രചിക്കമ്പോൾ കമ്മിൻസ് ചിരിക്കുന്നുണ്ടായിരുന്നു. 68-പന്തിൽ നിന്ന് 12 റൺസെടുത്ത് പുറത്താവാതെ നിന്ന അയാളുടെ ഇന്നിങ്സില്ലായിരുന്നെങ്കിൽ ഓസീസ് ആ കളി പരാജയപ്പെട്ടിട്ടുണ്ടാകുമായിരുന്നു. ഒരു നായകന്റെ ഇന്നിങ്സാണ് അവിടെ കണ്ടത്.
കലാശപ്പോരിന് മുമ്പും അയാൾ ആശങ്കകളേതുമില്ലാതെ ഇങ്ങനെ പറഞ്ഞു. ഇത്രയും വലിയ ജന സഞ്ചയത്തെ നിശബ്ദമാക്കുന്നതിലും വലിയ സംതൃപ്തി മറ്റൊന്നില്ല. അത് തന്നെയാണ് മൈതാനത്ത് കണ്ടത്. നീലക്കടൽ ഒന്നാകെ നിശ്ചലമായി. കമ്മിൻസ് ചിരിച്ചുകൊണ്ട് കപ്പുയർത്തി. ഓസീസിന് ആറാം ലോകകിരീടവും.