തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് കൈത്താങ്ങുമായി സുരേഷ് ഗോപി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നാളെ ഗുരുവായൂരിലെത്തി ധന്യയേയും കുടുംബത്തെയും സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ വഴിയോരത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്നത്. റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും കഴിഞ്ഞിരുന്ന ധന്യയും കുടുംബവും  ചിലരുടെ സഹായത്തിനൊടുവിലാണ് കണ്ണന്റെ നടയിൽ പൂ കച്ചവടത്തിനെത്തിയത്. മകനെ നോക്കാനായി ആരുമില്ലാത്തത് കൊണ്ടാണ് കുഞ്ഞുമായി കച്ചവടത്തിനെത്തുന്നതെന്ന് ധന്യ പറയുന്നു.

പ്രണയ വിവാഹമായിരുന്നു ധന്യയുടേത്. വീട്ടുകാരെ എതിർത്ത് സനീഷിനെ വിവാഹം ചെയ്തതിനാൽ കുടുംബം കൈവിട്ടു.  വിവാഹശേഷം സനീഷിന് ഹൃദ്രോഗം പിടിപ്പെട്ടു. രണ്ട് ആൻജിയോപ്ലാസ്റ്റിയും കഴിഞ്ഞു. ഇപ്പോഴും ചികിത്സ തുടരുകയാണ്. ഒരു നേരത്തെ ആഹാരത്തിന് പോലും പലപ്പോഴും പണം ഉണ്ടാവാറില്ല. നിത്യചെലവുകൾക്കും മരുന്നിനും പണം കണ്ടെത്തുന്നതിനായാണ്  പൂ കച്ചവടം നടത്തുന്നത്. കുഞ്ഞിനെ വെച്ച് കച്ചവടം പിടിക്കാനുള്ള ശ്രമമല്ലേ ഇതെന്ന് പലരും ചോദിക്കുന്നുണ്ടെന്ന് ധന്യ പറയുന്നു. ഒരിക്കലും ഒരമ്മയ്‌ക്ക് തന്റെ കുഞ്ഞിനെ വെച്ച് വില പേശാൻ കഴിയില്ലെന്നാണ് കഴിയില്ലെന്നാണ് ധന്യയുടെ മറുപടി. സാഹചര്യം കൊണ്ട് മാത്രമാണ് താൻ കുഞ്ഞുമായി വഴിയോരത്തിരിക്കുന്നതെന്നും അവർ പറഞ്ഞു.