കാലിഫോര്‍ണിയ: പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവിന് 707 വര്‍ഷം തടവുശിക്ഷ. നാനി എന്നറിയപ്പെടുന്ന  മാത്യു സക്രസെവ്സ്കി എന്ന 34കാരനെയാണ് കോടതി ശിക്ഷിച്ചത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. 2 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളാണ് മാത്യുവിന്‍റെ പീഡനത്തിന് ഇരയായത്. 2014നും 2019നും ഇടയിലാണ് അതിക്രമങ്ങള്‍ നടന്നത്. തന്റെ എട്ട് വയസ്സുള്ള മകനെ മാത്യു അനുചിതമായി സ്പർശിച്ചെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. 

വെബ്സൈറ്റിലൂടെയാണ് ഇയാള്‍ കുട്ടികളുടെ മാതാപിതാക്കളിലേക്ക് എത്തിയിരുന്നത്. ചൈൽഡ് കെയറിൽ ആറ് വർഷത്തിലേറെ പരിചയമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. കുട്ടികളോടൊപ്പം പ്രവർത്തിക്കുന്നതും അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതും വളരെ സന്തോഷമുള്ള കാര്യമാണെന്ന് താന്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞുവെന്ന് ഇയാള്‍ കുട്ടികളുടെ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ട്. മൂന്ന് മാസം മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് നാനിയാവാന്‍ തനിക്ക് കഴിയുമെന്നും ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു.