സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളില്‍ നിന്ന് പിരിവെടുക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സംഘടനകളും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.

ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 20 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം നിര്‍ദേശം പിന്‍വലിച്ചിരിക്കുന്നത്.

പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമായിരുന്നു പുതുതായി രൂപീകരിക്കുന്ന സമിതിക്കുള്ള നിര്‍ദ്ദേശം. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്നായിരുന്നു ഇതേക്കുറിച്ചുള്ള വിശദീകരണം. വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയും പ്രധാന അധ്യാപകന്‍ കണ്‍വീനറുമായുള്ള ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളില്‍ ഉണ്ടാക്കണമെന്നായിരുന്നു നിര്‍ദേശം.

പിടിഎ പ്രസിഡണ്ട്, മാനേജര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രതിനിധി അടക്കം എട്ട് പേര്‍ സമിതിയില്‍ അംഗങ്ങളായിരിക്കണം. ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്നും സര്‍ക്കുലറില്‍ കൃത്യമായി പറഞ്ഞിരുന്നു.