വാഷിംഗ്ടണ്‍: കഞ്ചാവ് വ്യവസായത്തിലെ അപകടസാധ്യതകള്‍ കുറയ്ക്കുന്ന സുരക്ഷിത നിയമം മൂലം സമീപഭാവിയില്‍ കഞ്ചാവ് യുഎസില്‍ നിയമവിധേയമാകുമെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമര്‍. ഇത് വ്യവസായത്തിന് ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള പ്രവേശനം നല്‍കുമെന്ന് ഷൂമര്‍ പറഞ്ഞു. ദശാബ്ദത്തിലേറെ മുമ്പ് സംസ്ഥാനങ്ങള്‍ വിനോദത്തിനായുള്ള കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ തുടങ്ങിയത് മുതല്‍ ബാങ്കുകള്‍ ഇത്തരമൊരു സേവനം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്.

”അതിന്റെ സമയം വന്നിരിക്കുന്നു. ആളുകള്‍ ഞങ്ങളുടെ പക്ഷത്താണ്,” ചക്ക് ഷൂമര്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കഞ്ചാവിന്റെ വിനോദപരമായ ഉപയോഗത്തിനുള്ള പൊതുജന പിന്തുണ ഗണ്യമായി വര്‍ദ്ധിച്ചു. ഇത് അടുത്തിടെ ഒഹായോയിലും കാണാനായി. പരമ്പരാഗത റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രം കഴിഞ്ഞയാഴ്ച കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ വോട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ നിയമം പാസാക്കുന്ന  24-ാമത്തെ സംസ്ഥാനമാണ് ഒഹായോ. 

സെക്യുര്‍ ആന്റ് ഫെയര്‍ എന്‍ഫോഴ്സ്മെന്റ് റെഗുലേഷന്‍ ബാങ്കിംഗ് ആക്ട് അല്ലെങ്കില്‍ സേഫ് ബാങ്കിംഗ് ആക്ട് സെനറ്റ് ബാങ്കിംഗ് കമ്മിറ്റിയില്‍ ഉഭയകക്ഷി ഭൂരിപക്ഷത്തോടെ സെപ്തംബര്‍ അവസാനം പാസാക്കിയിരുന്നു. കഞ്ചാവ് ചില്ലറ വ്യാപാരികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതിനൊപ്പം കൂടുതല്‍ ചെറുകിട ബിസിനസ്സ് വായ്പകള്‍ നല്‍കാനും ഇത് ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കും.

ബില്ലിന്റെ മുന്‍ പതിപ്പുകള്‍ ഏഴ് തവണ സഭ അംഗീകരിച്ചെങ്കിലും സെനറ്റില്‍ പാസാക്കാന്‍ ആവശ്യമായ അറുപത് വോട്ടുകള്‍ നേടാനായിരുന്നില്ല.