കൂട്ടുകുടുംബം പോലുള്ള സങ്കീര്‍ണ്ണമായ കുടുംബ ഘടനകളായിരുന്നു ഒരു കാലത്ത് ലോകമെങ്ങുമുള്ള സമൂഹങ്ങളില്‍ നില നിന്നിരുന്നത്. എന്നാല്‍ വ്യവസായവത്ക്കരണം യൂറോപ്പില്‍ അണുകുടുംബങ്ങളുടെ ആവശ്യകതയുയര്‍ത്തി. പിന്നീട്, അണു കുടുംബങ്ങളാണ് സമൂഹിക ഘടനയ്ക്ക് ഉത്തമമെന്ന ‘ധാരണ’ യൂറോപ്യന്മാര്‍ തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ബോധപൂര്‍വ്വം അടിച്ചേര്‍പ്പിച്ചു. ഇത് ലോകമെങ്ങും കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും അണു കുടുംബങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമായി.

പിന്നാലെ ലോകമെങ്ങും ‘വിക്ടോറിയന്‍ മൊറാലിറ്റി’  ഒരു സാംസ്കാരിക അധിനിവേശമായി കടന്ന് കൂടി. എന്നാല്‍, അടുത്തകാലത്തായി ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്ന ചില വാര്‍ത്തകള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നവയാണ്. പത്തും പതിനഞ്ചും മക്കളുള്ള അമ്മമാരെ കുറിച്ചും വളരെ ചെറിയ പ്രായത്തില്‍ തന്നെ അമ്മയും മുത്തശ്ശിയുമായ സ്ത്രീകളെ കുറിച്ചും അടുത്തകാലത്തായി നിരവധി വാര്‍ത്തകളാണ് ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി, ഹോളിയെയും കെറിയെയും കുറിച്ചുള്ള വാര്‍ത്തയും ഇത്തരത്തിലൊന്നാണ്. 

ബക്കിംഗ്ഹാംഷെയറിലെ മിൽട്ടൺ കെയിൻസിൽ നിന്നുള്ള ഒരു വീട്ടുജോലിക്കാരിയായ 33 വയസുള്ള സ്ത്രീയാണ് കെറി കോള്‍സ്. അവള്‍ തന്‍റെ 33 മത്തെ വയസില്‍ മുത്തശ്ശിയാകാന്‍ പോകുന്നു. കെറിയുടെ 14 കാരിയായ മകള്‍ ഹോളി ഗര്‍ഭിണിയായതോടെയാണ് കെറി മുത്തശ്ശിയാകാന്‍ തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെറി തന്‍റെ 16 -ാം വയസിലാണ് ആദ്യ മകളെ പ്രസവിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ഹോളിയെ പ്രസവിച്ചു. 2024 -ല്‍ ഹോളി കുഞ്ഞിന് ജന്മം നല്‍കുന്നതോടെ താന്‍ മുത്തശ്ശിയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് കെറി കോള്‍സ് പറയുന്നു. “അവൾ എന്നോട് അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു. ആദ്യം അറിഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു, അത് ശരിക്കും സന്തോഷമായിരുന്നില്ല. ഞാൻ അവളെ കുറിച്ച് ഭയപ്പെട്ടു. ഹോളി ഒരു വ്യക്തിയായി വളരുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. അവൾ വളരുന്നതും ഒരു രക്ഷിതാവ് എന്ന നിലയിൽ അവൾ എങ്ങനെയാണെന്നും കാണാൻ ഞാൻ കാത്തിരിക്കുകയാണ്.” കെറി പ്രദേശിക മാധ്യമത്തോട് പറഞ്ഞു.