തൃശ്ശൂർ: 1500 രൂപ മാസവാടകയുള്ള ഓടിട്ട വീട് കാണിച്ചുകൊടുത്ത് രാജേഷ് പറഞ്ഞു –”നാളെ മുതൽ നമ്മൾ ഈ വീട്ടിൽ താമസിക്കും”. കുഞ്ഞുങ്ങളായ ശ്രീരാഗും ശ്രീഹരിയും അച്ഛൻ പറഞ്ഞത് വിശ്വസിക്കാനാകാതെ നോക്കിനിന്നു. കുറ്റിക്കാടിനുള്ളിൽ നാല് ശീമക്കൊന്നക്കമ്പുകൾ കുത്തിയുറപ്പിച്ച് അതിൽ മൂടിയ ടാർപ്പായയ്ക്ക് കീഴിലായിരുന്നു ഇവരുടെ താമസം. കിടപ്പ് വെറും മണ്ണിലും.
തൃശ്ശൂർ കൊടുങ്ങല്ലൂരിനടുത്ത് പൊക്ളായി കവലയ്ക്ക് സമീപമുള്ള ഇവരുടെ സ്വന്തം വീട് ഇനി പടിഞ്ഞാറെ വെമ്പല്ലൂരിലെ ശ്രീകൃഷ്ണമുഖം ക്ഷേത്രപരിസരത്തെ ചെറിയ ഓട്ടുപുര എന്ന വീട്ടിലേക്ക് മാറുകയാണ്. ഈ വീടാണ് രാജേഷിനും കുടുംബത്തിനും 1500 രൂപ മാസവാടകയ്ക്ക് ലഭിച്ചത്.
മലവേടസമുദായത്തിൽപ്പെട്ട രാജേഷിനും ബന്ധുക്കൾക്കും കാലങ്ങളായി വാടകവീടുപോലും കിട്ടിയിരുന്നില്ല. നാടോടികൾ എന്ന് മുദ്രകുത്തപ്പെട്ടതിനാലും സ്ഥിരമായ മേൽവിലാസം ഇല്ലാത്തതിനാലും കുറ്റിക്കാടിനുള്ളിൽ ടാർപ്പായയ്ക്ക് കീഴിൽ കഴിയുകയായിരുന്നു. പടിഞ്ഞാറെ വെമ്പല്ലൂരിലെ വീട് രാജേഷ് കണ്ടെത്തി വാടകയ്ക്ക് എടുത്തപ്പോൾ അഡ്വാൻസും ഒരുമാസത്തെ വാടകയും നൽകാൻ നിരവധിപേർ സഹായിച്ചു.
രാജേഷും ഭാര്യ അഞ്ജലിയും മക്കളായ ശ്രീരാഗും ശ്രീഹരിയും വ്യാഴാഴ്ച കാട്ടിൽനിന്ന് ഈ വീട്ടിലേക്ക് മാറും. പൊക്ളായി കവലയ്ക്ക് സമീപം കുറ്റിക്കാട്ടിൽ കാലങ്ങളായി തമ്പടിച്ചിരുന്ന ആറ് മലവേടർ കുടുംബങ്ങളിൽ ഒന്നാണ് രാജേഷിന്റേത്. രാജേഷ് ജനിച്ചതും വളർന്നതും എല്ലാം ഈ കുറ്റിക്കാട്ടിലെ കൂരയിൽ ആണ്.
പത്താം ക്ലാസ് വരെ പഠിച്ച രാജേഷ് കരിങ്കൽത്തൊഴിലാളിയാണ്. ഭാര്യ വീടുകളിൽ പപ്പടം കൊണ്ടുപോയി വിൽക്കും. മൂത്തമകൻ ശ്രീരാഗ് എൽ.കെ.ജി. വിദ്യാർഥിയാണ്.
കേരള സ്റ്റേറ്റ് ദളിത് ആദിവാസി ലോയേഴ്സ് ഫോറവും ജസ്റ്റിസ് ഫോർ മലവേട ഫാമിലിയും ചേർന്നാണ് വീടിന് സാമ്പത്തികസഹായം നൽകിയത്.
എല്ലാ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള വീട് യാഥാർഥ്യമാക്കുമെന്ന് ജസ്റ്റിസ് ഫോർ മലവേട ഫാമിലിയുടെ സജീവ അംഗമായ എം.ആർ. വിപിൻദാസ് പറഞ്ഞു. ആദ്യഘട്ടത്തിൽ രാജേഷിന്റേതുപോലെ വാടകവീട് കണ്ടെത്തി പാർപ്പിക്കാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്.-ഇവർ പറയുന്നു.
വീട് മാത്രമല്ല, ഇപ്പോൾ കുറ്റിക്കാട്ടിൽ കഴിയുന്ന മലവേട കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ജോലിയും വരുമാനവും ഉറപ്പാക്കുമെന്ന് കേരള സ്റ്റേറ്റ് ദളിത് ആദിവാസി ലോയേഴ്സ് ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. സി.കെ. രാധാകൃഷ്ണൻ പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസവും ഉറപ്പാക്കും.