ജറൂസലം: ഫലസ്തീനിലെ അൽ അഖ്സ മസ്ജിദിൽ ജുമുഅക്ക് (വെള്ളിയാഴ്ച നമസ്കാരം) എത്തിയ വിശ്വാസികളെ ഇസ്രായേൽ അധിനിവേശ സേന തടഞ്ഞു. അധിനിവേശ കിഴക്കൻ ജറൂസലമിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ കയറുന്നതിനിടെയാണ് ഫലസ്തീനികൾക്കെതിരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.

കഴിഞ്ഞ ആഴ്ചയും പ്രാർഥന തടയാൻ ശ്രമം നടത്തിയിരുന്നു. ജുമുഅക്ക് ശരാശരി 60,000 പേർ എത്തിയിരുന്ന സ്ഥാനത്ത് ഈ ആഴ്ച 4,000 പേരാണ് എത്തിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളും യുവാക്കളും വൃദ്ധരുമടങ്ങൂന്ന വിശ്വാസികളെ തോക്ക് ചൂണ്ടി പിന്തിരിപ്പിക്കാനായിരുന്നു അധിനിവേശ സേനയുടെ ശ്രമം. എന്നിട്ടും പിന്തിരിയാതെ വന്നതോടെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. തുടർന്ന് വിശ്വാസികൾ ​പള്ളിയോട് ചേർന്ന റോഡിൽ വെച്ചാണ് സംഘടിത നമസ്കാരം നിർവഹിച്ചത്.