വാഷിങ്ടൺ: എക്സിനുള്ള പരസ്യം പിൻവലിച്ച് ആപ്പിൾ ഉൾപ്പടെയുള്ള വൻകിട കോർപ്പറേറ്റ് കമ്പനികൾ. ഐ.ടി ഭീമൻ ഐ.ബി.എമ്മും മാധ്യമ കമ്പനി ഡിസ്നിയും പരസ്യങ്ങൾ പിൻവലിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടും. അഡോൾഫ് ഹിറ്റ്ലറിനേയും നാസികളേയും പ്രകീർത്തിക്കുന്ന പോസ്റ്റുകൾക്കിടയിൽ ആപ്പിളിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യം പിൻവലിക്കൽ.

ആപ്പിളിന് പുറമേ വൻകിട സിനിമ കമ്പനികളായ വാർണർ ബ്രദേ​ഴ്സ്, പാരാമൗണ്ട്, സോണി പിക്ചേഴ്സ്, എൻ.ബി.സി യൂണിവേഴ്സൽ എന്നിവയെല്ലാം പരസ്യങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. ‘ജൂതൻമാർ വെളുത്തവരെ വെറുക്കുന്നു​’ എന്ന ട്വീറ്റിന് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് ‘അതല്ലേ യഥാർഥ്യമെന്ന്’ പ്രതികരിച്ചിരുന്നു. മസ്കിന്റെ പ്രതികരണത്തെ അപലപിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ ഉൾപ്പടെയുള്ള വൻകിട ഭീമൻമാർ പരസ്യം പിൻവലിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

എക്സിന്റെ ഏറ്റവും വലിയ പരസ്യദാതാക്കളിൽ ഒരാളാണ് ആപ്പിൾ. ഒരോ വർഷവും പരസ്യത്തിനായി 100 മില്യൺ ഡോളർ വരെ അവർ ചെലവഴിക്കാറുണ്ട്. വിദ്വേഷ ട്വീറ്റുകൾക്ക് സമീപം തങ്ങളുടെ പരസ്യങ്ങൾ വരുന്നതിൽ പ്രതിഷേധിച്ചാണ് ഐ.ബി.എമ്മും എക്സിനുള്ള പരസ്യം പിൻവലിച്ചത്. വിദ്വേഷ പ്രസംഗങ്ങളോട് ഒരുതരത്തിലും യോജിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഐ.ബി.എം വ്യക്തമാക്കി.

ആപ്പിളിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്കെതിരെ ഇലോൺ മസ്ക് രംഗത്തെത്തി. ഫലസ്തീൻ വിമോചനത്തെ പിന്തുണക്കുന്നവർ ഉ​പയോഗിക്കുന്ന ‘ഫ്രം ദി റിവർ ടു ദി സീ’ (നദിയിൽ നിന്ന് കടലിലേക്ക്), അപകോളനിവത്കരണം (ഡികോളനൈസേഷൻ) തുടങ്ങിയ പ്രയോഗങ്ങൾ വംശഹത്യയെ സൂചിപ്പിക്കുന്നുവെന്നാണ് മസ്കിന്റെ വാദം. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്ന എക്സിലെ അക്കൗണ്ടുകൾ സസ്​പെൻഡ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. എക്സ് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.