ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘റെഡ് വീക്ക്’ (#RedWeek) ആചരിക്കാൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN). നവംബർ 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന റെഡ് വീക്കിൽ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളിലേക്കും അക്രമങ്ങളിലേക്കും ലോകശ്രദ്ധയാകർഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള പള്ളികളും പ്രശസ്ത ക്രൈസ്തവസ്മാരകങ്ങളും ചുവന്ന ലൈറ്റുകൾ കൊണ്ട് പ്രകാശിപ്പിക്കും.

2015 -ലാണ് റെഡ് വീക്കിന് തുടക്കമാകുന്നത്. അന്ന് ഇറാഖിലെ ക്രിസ്ത്യൻ പീഡനത്തിനെതിരെ ബ്രസീലിന്റെ ‘ക്രൈസ്റ്റ് ദി റിഡീമർ രൂപം’ ചുവപ്പുനിറത്തിൽ പ്രകാശിപ്പിച്ചിരുന്നു. ബ്രസീലിലെ മാതൃക സ്വീകരിച്ച് ACN-ന്റെ ഇറ്റാലിയൻ ഓഫീസ് റോമിലെ ട്രെവി ഫൗണ്ടൻ ചുവപ്പ് നിറത്തിൽ അലങ്കരിച്ചിരുന്നു.

ഇതിൽനിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ട് ഓർഗനൈസേഷന്റെ യു.കെ ഓഫീസ് നവംബറിലെ നാലാമത്തെ ബുധനാഴ്ച #RedWednesday ആയി ആചരിക്കാൻ തുടങ്ങി. ഇന്ന് റെഡ് വീക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയായി ലോകമെമ്പാടും വ്യാപിച്ചു. ACN ന്റെ കണക്കുകൾപ്രകാരം, #RedWeek 2023-ൽ ഒരു ഡസനിലധികം രാജ്യങ്ങളിലായി 10,000 -ത്തിലധികം ആളുകൾ പങ്കെടുക്കും. ഓസ്ട്രേലിയ, കാനഡ, യൂറോപ്പ്യൻ രാജ്യങ്ങളായ ഓസ്ട്രിയ, ജർമ്മനി, യു.കെ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ ഇക്കൊല്ലത്തെ റെഡ് വീക്കിൽ തങ്ങളുടെ നിരവധി പള്ളികളും സ്മാരകങ്ങളും ചുവന്ന ലൈറ്റിൽ പ്രകാശിപ്പിക്കും.