പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്ന വിക്ടർ ഹ്യൂഗോയുടെ ‘ലെസ് മിസറബിൾസ്’ ഏറെ ജനശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ്. ഈ നോവലിലെ ജീൻവാൽ ജീൻ എന്ന കഥാപാത്രം ഒരുപക്ഷേ, നോവൽ വായിക്കാത്തവർക്കുകൂടി കേട്ടുപരിചയമുള്ള ഒരു കഥാപാത്രമാണ്. ജീൻവാൽ ജീൻ എന്ന കഥാപാത്രം രൂപപ്പെടുത്താൻ വിക്ടർ ഹ്യൂഗോയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു വ്യക്തി ഉണ്ടായിരുന്നു. ഏറെ ദയയും ദീനാനുകമ്പയും ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തു ജീവിതം നയിച്ചിരുന്നവനുമായിരുന്ന ആ വ്യക്തി, ബിഷപ്പ് ഫ്രാങ്കോയിസ്-മെൽച്ചിയർ-ചാൾസ്-ബിയെൻവെനു ഡി മിയോലിസ് ആയിരുന്നു. നന്മയിലൂന്നിയ അദ്ദേഹത്തിന്റെ ജീവിതം വിശുദ്ധപദവിയിലേക്കുള്ള യാത്രയിലാണ്.

ജീവിതം ചുരുക്കത്തിൽ

1753 ജൂൺ 19 -ന് ഫ്രാൻസിൽ ജനിച്ച ബിഷപ്പ് ഡി മിയോലിസ് തന്റെ 24 -ാമത്തെ വയസ്സിൽ പുരോഹിതനായി ശുശ്രൂഷ ആരംഭിച്ചു. തുടർന്ന് അദ്ദേഹം നാട്ടിൻപുറങ്ങളിൽ പാവപ്പെട്ടവരെ മതബോധനം പഠിപ്പിക്കാൻ ചുമതലയേറ്റു. ഫ്രഞ്ച് വിപ്ലവം നടന്ന കാലയളവിൽ സിവിൽ ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചതിനെതുടർന്ന് നാടുകടത്തപ്പെടാൻ നിർബന്ധിതനായി. തുടർന്ന് അദ്ദേഹം 1792 -ൽ ഫ്രാൻസ് വിട്ട് റോമിലേക്കുപോയി. 1801 -ൽ തിരിച്ച് ഫ്രാൻസിലെത്തിയ അദ്ദേഹം ബ്രിഗ്നോൾസ് ഇടവകയിലെ പുരോഹിതനായി നിയമിതനായി. തുടർന്ന് തെക്കുകിഴക്കൻ ഫ്രാൻസിന്റെ ഭാഗമായ ഡിഗ്നെയിൽ 1805 -ൽ ബിഷപ്പായി അഭിഷിക്തനായി. 33 വർഷത്തോളം ബിഷപ്പായി തുടർന്ന അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നത്.

പാവപ്പെട്ടവരെ സേവിച്ച ജീവിതം

തന്റെ ജീവിതത്തിലുടനീളം ബിഷപ്പ് ഡി മിയോലിസ് ദരിദ്രരോടുള്ള തന്റെ കരുതൽ പ്രകടമാക്കിയിരുന്നു. ദാനധർമ്മവും വിനയവും സഹാനുഭൂതിയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. എപ്പോഴും എളിയവനായി ജീവിക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്ന ബിഷപ്പ് ഡി മിയോലിസിന്റെ ജീവിതമാണ് തന്റെ നോവലിലെ കഥാപാത്രത്തെ സൃഷ്ടിക്കാൻ വിക്ടർ ഹ്യൂഗോയെ പ്രചോദിപ്പിച്ചത്. ലെസ് മിസറബിൾസിലെ നല്ല ബിഷപ്പും കുറ്റവാളിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ ഭാഗികമായി ശരിയാണെന്ന് പോലും പറയപ്പെടുന്നുണ്ട്. 1843 ജൂൺ 27 -നാണ് ബിഷപ്പ് ഡി മിയോലിസ് മരണമടയുന്നത്.