സ്‌നേഹത്തിന്റെ പൂർണ്ണതയാണ് വിശുദ്ധിയുടെ പാതയെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ‘സാർവത്രിക വിശുദ്ധി’ എന്ന വിഷയത്തെക്കുറിച്ച് നവംബർ 13 മുതൽ 16 വരെ റോമിലെ അഗസ്തീനിയൻ പാട്രിസ്റ്റിക് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളനത്തിലാണ് മാർപാപ്പ ഇതേക്കുറിച്ച് പങ്കുവച്ചത്.
സാർവത്രിക വിശുദ്ധി എന്ന ആശയത്തെ, ഐക്യപ്പെടുത്തുന്ന വിശുദ്ധി, കുടുംബവിശുദ്ധി, രക്തസാക്ഷിത്വ വിശുദ്ധി എന്നിങ്ങനെ മൂന്നു ഘടകങ്ങളായി തിരിച്ചുകൊണ്ടാണ് മാർപാപ്പ വ്യക്തമാക്കിയത്. “വിശുദ്ധി പ്രധാനമായും കാരുണ്യത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത്. അത് നമ്മെ മാനവരാശിയോട് കൂടുതൽ ഐക്യപ്പെടുത്തുന്നു. ദൈവം മനുഷ്യരാശിയെ മുഴുവൻ കാരുണ്യത്താൽ ആശ്ലേഷിക്കുന്നു; കാരണം എല്ലാവരും ഒന്നാണ്” – ഐക്യപ്പെടുത്തുന്ന വിശുദ്ധയെക്കുറിച്ച് പാപ്പ ഓർമ്മപ്പെടുത്തി. രണ്ടു വ്യക്തികളുടെ പ്രത്യേക വിശുദ്ധി ദാമ്പത്യത്തിൽ പൊതുവായ വിശുദ്ധിയായി ഒന്നുചേരുന്നുവെന്ന് കുടുംബവിശുദ്ധിയെക്കുറിച്ചും സഭാചരിത്രത്തിലുടനീളം ശക്തമായ മാതൃകയായി നിലകൊള്ളുന്നതാണ് രക്തസാക്ഷികളുടെ വിശുദ്ധി എന്നും പാപ്പ പങ്കുവച്ചു.
സെപ്റ്റംബറിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഉൽമാ കുടുംബത്തെക്കുറിച്ചും വി. കൊച്ചുത്രേസ്യായെക്കുറിച്ചും തന്റെ സന്ദേശത്തിൽ മാർപാപ്പ പ്രതിപാദിച്ചിരുന്നു. വിശുദ്ധിയിലേക്കുള്ള സാർവത്രികവിളി രണ്ടാം വത്തിക്കാൻ കൗൺസിലിലെ വളരെ പ്രധാനപ്പെട്ട വിഷയമായിരുന്നെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.