യൂറോപ്പിൽ കഴിഞ്ഞവർഷം ക്രിസ്ത്യൻവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 44% വർധനവുണ്ടായാതായി വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്. യൂറോപ്പിലെ ക്രിസ്ത്യാനികൾക്കെതിരായ അസഹിഷ്ണുതയും വിവേചനവും സംബന്ധിച്ച, വിയന്ന ആസ്ഥാനമായുള്ള ഒബ്സർവേറ്ററി (OIDAC യൂറോപ്പ്) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

ക്രിസ്ത്യൻ ദൈവാലയങ്ങൾ ലക്ഷ്യംവച്ചുള്ള അക്രമങ്ങളും തീവ്രവാദപ്രവർത്തനങ്ങളും വർധിച്ചതായി ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2021 -നും 2022 -നും ഇടയിൽ ‘പള്ളികൾക്കുനേരെയുള്ള തീവയ്പ്പ് ആക്രമണങ്ങൾ’ 75% വർധിച്ചതായി OIDAC യൂറോപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പരമ്പരാഗത ക്രിസ്ത്യൻ ലോകവീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ക്രിസ്ത്യാനികൾക്കെതിരായ നിയമപരമായ വിവേചനവും വർധിച്ചുവരുന്നു.

ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, പോളണ്ട് എന്നിവയാണ് ക്രിസ്ത്യൻവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർധനവ് സൂചിപ്പിക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങൾ എന്ന് റിപ്പോർട്ട് പറയുന്നു. യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രിയ എന്നിവയും പട്ടികയിൽ മുന്നിലായിരുന്നു. മതപരമായ വീക്ഷണങ്ങൾ പരസ്യമായി പ്രകടിപ്പിച്ചതിന്റെപേരിൽ ജോലി നഷ്‌ടപ്പെടുകയോ, സസ്‌പെൻഷൻ നേരിടുകയോ, ക്രിമിനൽ കോടതി കേസുകൾ നേരിടുകയോ ചെയ്‌ത ക്രിസ്‌ത്യാനികളുടെ സംഭവങ്ങളും, ഒരുവന്റെ മതവിശ്വാസങ്ങൾക്കനുസൃതമായി കുട്ടികളെ പഠിപ്പിക്കാനുള്ള മാതാപിതാക്കളുടെ അവകാശങ്ങളുടെ ലംഘനവും വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ക്രൈസ്തവർക്കുനേരെ കൂടുതൽ ആക്രമണം നടത്തിയത് ക്രിസ്ത്യൻവിരുദ്ധ വിവരണത്തെ പിന്തുടരുന്ന പ്രത്യയശാസ്ത്രപരമോ, രാഷ്ട്രീയമോ, മതപരമോ ആയ ഗ്രൂപ്പുകളിലെ തീവ്രവാദികളായ അംഗങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.