മോസ്‌കോ: തീവ്രമായ ലിബറല്‍ ചായ്വുള്ള ഗ്രൂപ്പുകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിന്റെ ഭാഗമായി ‘ഇന്റര്‍നാഷണല്‍ എല്‍ജിബിടി പബ്ലിക് മൂവ്‌മെന്റിനെ’ നിരോധിക്കാന്‍ റഷ്യ തയാറെടുക്കുന്നു. ഉേക്രെയ്നിലേക്ക് സൈന്യത്തെ വിന്യസിച്ചതിന് ശേഷം ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും ഇടപെടലുകളും ശക്തിപ്പെട്ടെന്നാണ് മോസ്‌കോ വിലയിരുത്തുന്നത്.
‘അന്താരാഷ്ട്ര എല്‍ജിബിടി പൊതു പ്രസ്ഥാനത്തെ തീവ്ര സംഘടനയായി അംഗീകരിക്കുന്നതിനും റഷ്യയില്‍ അതിന്റെ പ്രവര്‍ത്തനം നിരോധിക്കുന്നതിനും വേണ്ടി സുപ്രീം കോടതിയില്‍ നിയമപരമായ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്’ റഷ്യയുടെ നീതിന്യായ മന്ത്രാലയം പറഞ്ഞു.
ഏതെങ്കിലും നിര്‍ദ്ദിഷ്ട ഗ്രൂപ്പുകളെയോ സഘടനകളെയോ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
റഷ്യയില്‍ എല്‍ജിബിടിക്യു വ്യക്തികള്‍ക്കെതിരെ ദീര്‍ഘകാലമായി തുടരുന്ന അടിച്ചമര്‍ത്തലിലെ ഏറ്റവും പുതിയതാണ് നിര്‍ദ്ദിഷ്ട നിരോധനം. കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്നില്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇത് വര്‍ദ്ധിച്ചു.
‘റഷ്യന്‍ ഫെഡറേഷന്റെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എല്‍ജിബിടി പ്രസ്ഥാനം സാമൂഹികവും മതപരവുമായ വിദ്വേഷത്തിന് പ്രേരണ നല്‍കുന്നതുള്‍പ്പെടെ തീവ്രവാദത്തിന്റെ വിവിധ അടയാളങ്ങളും പ്രകടനങ്ങളും’ പ്രകടിപ്പിക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രാലയം ആരോപിച്ചു.
റഷ്യന്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് വേണ്ടി വാദിക്കുന്ന സ്ഫിയര്‍ മനുഷ്യാവകാശ ഗ്രൂപ്പ് പ്രഖ്യാപനത്തെ വിമര്‍ശിച്ചു. ‘എല്‍ജിബിടി+ കമ്മ്യൂണിറ്റി മനുഷ്യരാണെന്ന് റഷ്യന്‍ അധികാരികള്‍ വീണ്ടും മറക്കുകയാണ്,’ റഷ്യ വിട്ട സ്ഫിയറിന്റെ മേധാവിയായ ദില്യ ഗഫുറോവ പറഞ്ഞു. പോരാട്ടം തുടരുമെന്നും എല്‍ജിബിടിക്യു അംഗങ്ങള്‍ അറിയിച്ചു.