നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നിക്ക് കോളേജിൽ സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കിയ വിദ്യാർഥി അവശനിലയിൽ. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഒന്നാംവർഷ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ വിദ്യാർഥി ചെങ്കൽ സ്വദേശിയായ അനൂപാണ് റാഗിങ്ങിന് ഇരയായത്. 20ഓളം വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തു. അവശനായ അനൂപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആയുർവേദ ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് ഇരുപതുപേർക്കെതിരേ കേസെടുത്തു. സീനിയർ വിദ്യാർഥികളായ എബിൻ, ആദിത്യൻ, അനന്തു, കിരൺ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപത് വിദ്യാർഥികൾക്കെതിരേയാണ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. ഈ നാലുപേരെയും സസ്പെൻഡ് ചെയ്തു.