നവകേരള സദസ്സിന് ആവേശകരമായ തുടക്കമായി. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. നവകേരള സദസിന്റെ ഉദ്ഘാടന ചടങ്ങിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

യുഡിഎഫ് സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെങ്കിൽ സംസ്ഥാനത്ത് മാറ്റം ഉണ്ടാകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് സർക്കാർ പരിപാടിയാണെന്നും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മഞ്ചേശ്വരം എംഎൽഎയെ കോൺഗ്രസ് വിലക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ‌ർത്തു. മഞ്ചേശ്വരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. എത്രവലിയ ദുരന്തങ്ങൾ സംഭവിച്ചാലും ആ ദുരന്തത്തിന് ഒരു മലയാളിയെ പോലും വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ച സര്‍ക്കാരാണ് ഏഴരവർഷക്കാലം കഴിഞ്ഞു കേരളത്തെ മുന്നോട്ട് നയിക്കുന്നതെന്നു അധ്യക്ഷപ്രസംഗത്തിൽ മന്ത്രി രാജൻ പറഞ്ഞു.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ.വാസവൻ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.ബി.രാജേഷ്, ജി.ആർ. അനിൽ, വി.ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.

ബസിൽനിന്നുമിറങ്ങിയ മുഖ്യമന്ത്രി ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണു വേദിയിലേക്കു കയറിയത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലക്ക് ആനയിച്ചത്. തുളുനാടിന്റെ സാംസ്കാരിക പൈതൃകമായ തലപ്പാവ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിൽവച്ച് അണിയിച്ചു.

മുഖ്യമന്ത്രിയും മന്ത്രി സംഘവുമായുള്ള ബസ് കാസർകോട് ഗസ്റ്റ് ഹൗസിൽനിന്നും ഉദ്ഘാടനവേദിയിലേക്ക് എത്തവേ വൻ ജനക്കൂട്ടമാണു തടിച്ചുകൂടിയത്. ഉദ്ഘാടന ചടങ്ങിൽ വലിയ ജനപങ്കാളിത്തമുണ്ട്. ജനങ്ങളിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണു ‘നവകേരള സദസ്സ്’.

12,000 പേരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസ്സിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം. അതേസമയം, യുഡിഎഫ് നവകേരളസദസ്സ് ബഹിഷ്കരിക്കുകയാണ്.