കർണാടകയിലെ റായ്ചൂരിലെ ലിംഗസുഗൂർ താലൂക്കിലെ പമനകല്ലൂരിൽ കൃത്രിമശ്വാസം നൽകി പാമ്പിന്‍റെ ജീവൻ രക്ഷിച്ചു. പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ ഉഗ്രവിഷമുള്ള മൂർഖനെ കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. എങ്ങനെയെങ്കിലും പാമ്പിനെ പുറത്തുചാടിക്കാനുള്ള ശ്രമമായി പിന്നീട്.

പാമ്പിനെ പുറത്തുചാടിക്കാൻ ഓടിക്കൂടിയ നാട്ടുകാരും ശ്രമം തുടങ്ങി. ഒടുവിൽ മൂർഖനെ പുറത്തുചാടിക്കാൻ നാട്ടുകാർ ഫിനോയിൽ തളിച്ചു. ഫിനോ‍യിൽ ശരീരത്തിൽ വീണതോടെ പാമ്പിന്‍റെ ബോധവും പോയി. അപകടാവസ്ഥയിലായ പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്.

ബഹളം നടക്കുന്നതുകണ്ട് അതുവഴിയെത്തിയ ഡോക്ടർ മൂർഖന് കൃത്രിമ ശ്വാസമടക്കം അടിയന്തര ചികിത്സ നൽകി. പാമ്പിന്‍റെ വായിലേക്ക് ചെറിയ പൈപ്പ് കടത്തിയാണ് ഡോക്ടർ കൃത്രിമശ്വാസം നൽകിയത്. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ച് തുടർ ചികിത്സ നൽകി പാമ്പിന്‍റെ ജീവൻ രക്ഷിക്കുകയായിരുന്നു. പിന്നീട്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി മൂർഖനെ വനത്തിൽ തുറന്നുവിട്ടു.