വാഷിംഗ്ടണ്‍: ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് ഉപയോഗിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്റെ  കാമ്പെയ്ന്‍ കമ്മറ്റി ആലോചിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ യുവ വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ ടിക് ടോക്ക് സഹായകരമാവുമോ എന്നാണ് പ്രസിഡന്റിന്റെ പ്രചാരണ സമിതി പരിശോധിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബൈഡനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ആക്‌സിയോസിലെ ദേശീയ രാഷ്ട്രീയ ലേഖകനായ അലക്സ് തോംസണാണ് സ്‌കൂപ്പ് എന്ന് അവകാശപ്പെട്ടുകൊണ്ട് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇതൊരു സ്‌കൂപ്പൊന്നുമല്ലെന്ന് ബൈഡന്റ് പ്രചാരണ സമിതി അംഗമായ ടിജെ ഡക്ലോ പ്രതികരിച്ചു. ‘ഇതൊരു സ്‌കൂപ്പല്ല. കാമ്പെയ്നുകള്‍ ഒരു കൂട്ടം കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ക്ക് പങ്കിടാന്‍ വാര്‍ത്തകളുണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങളെ അറിയിക്കും!’. ഡക്ലോ പറഞ്ഞു.

ചൈനയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് സര്‍ക്കാര്‍ വക ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് ബൈഡന്‍ സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം നിരോധിച്ചിരുന്നു. എന്നിരുന്നാലും, വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള ഓട്ടത്തിനിടയില്‍ ബൈഡന്‍ ഇതിനകം തന്നെ ടിക് ടോക്ക് സ്വാധീനമുള്ളവരുടെ സഹായം സ്വീകരിക്കുന്നുണ്ട്. 

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ആണ് ടിക് ടോക്കിന്റെ ഉടമകള്‍. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈബര്‍ സുരക്ഷാ നിയമം കമ്പനികളുടെ ഡാറ്റ ആക്സസ് ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ടിക് ടോക് നിരോധനത്തിന് ശക്തമായ ആവശ്യം യുഎസില്‍ ഉയര്‍ന്നിട്ടുണ്ട്.