കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന സംഘടന വിഷയങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസം പകർന്നുകൊണ്ട് യൂത്ത് കോൺഗ്രസ് ഭാരവാഹികളെ (Youth Congress officials) തിരഞ്ഞെടുപ്പിലൂടെ വ്യക്തമായി കഴിഞ്ഞു. എന്നാൽ ഒരിക്കലും ഇല്ലാത്ത രീതിയിൽ പിടിച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം (Youth Congress leadership). മലപ്പുറം കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണെന്നറിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതൃത്വവും അണികളും. മികച്ച വോട്ടുകൾ നേടി അജ്ഞാതൻ വിജയിച്ചതിന് പിന്നാലെ എറണാകുളം ജില്ലയിലും യൂത്ത് കോൺഗ്രസിനെ പ്രതിസന്ധി പിടികൂടിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവരും ക്രിമിനല്‍ കേസിൽ പ്രതികളാണെന്നാണ് റിപ്പോർട്ടുകൾ. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ ചരിത്രം വ്യക്തമായതോടെ  എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധിയും രൂപമെടുത്തു കഴിഞ്ഞു. 

കെസി വേണുഗോപാല്‍ ഗ്രൂപ്പുകാരനായ കെപി ശ്യാമാണ് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയത്. ശ്യാമിനെതിരെയാണ് നിലവിൽ കേസുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് തുടർന്ന്  തിരഞ്ഞെടുപ്പ് ഫലം മരവിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ ആളും ക്രിമിനൽ കേസിൽ പ്രതിയാണെന്ന് വ്യക്തമായതോടെ വല്ലാത്തൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് എറണാകുളത്തെ യൂത്ത് കോൺഗ്രസ് നേതൃത്വം. 

എറണാകുളം ജില്ലയിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഈ വിഭാഗം സ്ഥാനാർഥി പിഎച്ച് അനൂപിനാണ്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അനൂപ് പ്രസിഡൻ്റ് ആവുകയും ചെയ്തു. എന്നാൽ അനൂപ് നിലവിൽ വധശ്രമ കേസിൽ ജയിലിലാണ്. ഈ സാഹചര്യത്തിലാണ് വോട്ടിംഗ് നിലയിൽ രണ്ടാമതെത്തിയ സിജോ ജോസഫിനെ പ്രസിഡൻ്റായി പ്രഖ്യാപിച്ചത്. എന്നാൽ ഈ സിജോ ജോസഫും ക്രിമിനൽ കേസിലെ പ്രതിയാണെന്ന് വിവരമാണ് പിന്നീട് പുറത്തുവന്നത്. സിജോ എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയാണെന്നാണ് റിപ്പോർട്ടുകൾ. 

വോട്ടിംഗ് നിലയിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തിയ വ്യക്തികളും ക്രിമിനൽ കേസിൽ പ്രതികളായതോടെ ഈ അവസരം കെസി വേണുഗോപാൽ പക്ഷം മുതലെടുക്കുകയായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ കെപി ശ്യാമിൻ്റെ പേര് കെ സി വേണുഗോപാൽ പക്ഷം പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുകയും ചെയ്തു. എന്നാൽ പാളയത്തിനുള്ളിലെ പട തന്നെ ശ്യാമിന് പണി കൊടുത്തു. ഈ ഗ്രൂപ്പുകാരും ഈ ഗ്രൂപ്പുകാരും ഒരുമിച്ച് ശ്യാമിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൻ്റെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരികയായിരുന്നു. ആളെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് ശാമിനെതിരെ കേസ് എടുത്തിരുന്നത്. 

ഇതോടെയാണ് എറണാകുളം യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ അസാധാരണമായ പ്രതിസന്ധി വന്നുപെട്ടത്. ആദ്യ സ്ഥാനത്ത് എത്തിയ മൂന്നുപേരും ക്രിമിനൽ കേസിൽ പ്രതികളായതോടെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫലം മരവിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നും അധികൃതരുടെ ഭാഗത്തില്ലായിരുന്നു. കോൺഗ്രസോ യൂത്ത് കോൺഗ്രസോ ആയി ബന്ധപ്പെട്ട രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ അല്ലാതെ  വ്യക്തിപരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഭാരവാഹിത്വം നല്‍കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചട്ടം. അതേസമയം ക്രിമിനൽ കേസിൽ ഉൾപ്പെടാത്ത ആരെങ്കിലും എറണാകുളം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ നേടിയിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് നേതൃത്വം എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

അതേസമയം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ച അജ്ഞാതനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വോട്ട് ചെയ്ത് ജയിപ്പിച്ചവർക്ക് പോലും ഇയാൾ ആരാണെന്ന് അറിയില്ലെന്നാണ് പറയപ്പെടുന്നത്.  മുഹമ്മദ് റാഷിദ് എന്നയാളാണ് വിജയിച്ചതെങ്കിലും ഇയാളെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും യാതൊരു അറിവുമില്ല. 40 വോട്ടിനാണ് റാഷിദ് വിജയിച്ചത്. ഔദ്യോഗിക പക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച റാഷിദ് ആരാണെന്ന അന്വേഷണത്തിലാണ് പ്രവർത്തകരിപ്പോൾ.