ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനമാണ് ഇന്ന്. 39 വയസിലേക്ക് കടക്കുന്ന നയൻതാരയ്ക്ക് ആരാധകരുടെയും സഹപ്രവർത്തകരുടെയും പിറന്നാൾ ആശംസകൾ നിറയുകയാണ്. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കരിയറിൽ നയൻതാര വീഴ്ചകളുടെ കയ്പ്പും ഉയർച്ചയുടെ മധുരവും ഒരുപോലെ നുണഞ്ഞിട്ടുണ്ട്. 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 

മലയാളത്തിൽ നിന്നും തമിഴകത്തേക്ക് ചേക്കേറിയതോടെയാണ് നയൻതാരയുടെ കരിയർ ​ഗ്രാഫ് മാറി മറിയുന്നത്. ​ഗ്ലാമറസ് നായികയായി മാറിയ നയൻതാരയുടെ കരിയറിൽ പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടർന്നു. ​പൊതുവേ ദേഷ്യക്കാരിയെന്ന ഇമേജാണ് നയൻതാരയ്ക്കുള്ളത്. നയൻതാരയെക്കുറിച്ച് മുമ്പൊരിക്കൽ നടൻ ധനുഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാര വളരെ ദേഷ്യക്കാരിയാണെന്ന് അന്ന് ധനുഷ് തുറന്ന് പറഞ്ഞു. പക്ഷെ കഠിനാധ്വാനിയാണ്. ഒരാളെ ഇഷ്ടപ്പെട്ടാൽ എന്ത് വേണമെങ്കിലും ചെയ്യും. ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ഏതറ്റം വരെയും പോയി അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കും. മറ്റുള്ളവർക്ക് വേണ്ടി വലിയ തോതിൽ ചെലവ് ചെയ്യുമെന്നും ധനുഷ് അന്ന് പറഞ്ഞിരുന്നു.

ഇരുവരും ഒരുമിച്ച് അഭിനയിച്ച യാരടി നീ മോഹിനി എന്ന സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ധനുഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്. നല്ല സുഹൃത്തുക്കളാണെങ്കിലും ഇരുവരും തമ്മിൽ ഒരു ഘട്ടത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായി‌ട്ടുണ്ട്. ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സിനിമയിലെ നയൻതാരയുടെ പ്രകടനം ധനുഷിന് ഇഷ്ടപ്പെട്ടില്ലെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. എന്നാൽ നാനും റൗഡി താനിലെ പ്രകടനത്തിലൂടെ വൻ ജനപ്രീതി നയൻതാര നേടി. സിനിമയ്ക്കായി പുരസ്കാരം ലഭിച്ചപ്പോൾ ധനുഷിന് തന്റെ അഭിനയം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വേദിയിൽ നയൻതാര തുറന്ന് പറയുകയും ചെയ്തു.

മലയാളത്തിൽ വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ച നയൻതാരയെ വളർത്തിയത് തമിഴ്, തെലുങ്ക് സിനിമാ ലോകമാണ്. തുടക്കകാലത്തെ പെർഫോമൻസുകളിൽ പലതും നിരൂപകരെ സംബന്ധിച്ച് ശരാശരി മാത്രമായിരുന്നു. സിനിമയുടെ മാർക്കറ്റിനനുസരിച്ച് നീങ്ങിയതാണ് നയൻതാരയെ തുണച്ചത്. ജവാൻ, ഇരവൈൻ എന്നിവയാണ് നയൻതാരയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമകൾ. നടിയുടെ ആദ്യ ബോളിവുഡ് സിനിമയായിരുന്നു ജവാൻ. ഷാരൂഖ് ഖാൻ നായകനായ ചിത്രം വൻ ഹിറ്റായി. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കരിയറിനൊപ്പം കുടുംബജീവിതത്തിലും നടിയിന്ന് ശ്രദ്ധ നൽകുന്നു. കഴിഞ്ഞ വർഷമാണ് നയൻതാര സംവിധായകൻ വിഘ്നേശ് ശിവനെ വിവാഹം ചെയ്തത്. സറൊ​ഗസിയിലൂടെ ഇരട്ടക്കുട്ടികളും ദമ്പതികൾക്ക് പിറന്നു. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്.