സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ. ചിത്രം അടുത്ത വർഷം ജനുവരി 25നാണ് തീയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്. ഈ അവസരത്തിൽ ലിജോയെയും മധു നീലകണ്ഠനെയും കുറിച്ച് നടൻ ഹരീഷ് പേരടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

‘ലിജോ ജോസ് പല്ലിശ്ശേരിയും മധു നീലകണ്ഠനും.. മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ… അതുകൊണ്ടാണവരുടെ വിരലുകളും കൺപീലികളും മുഖവും കഥാപാത്രങ്ങളുടെ കണ്ണാടിയാവുന്നത്… ക്യാമറക്കുമുന്നിൽ ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്… നമ്മള്‍ അർജൻറ്റിനയാവുമ്പം ഇവര് ബ്രസീലാവും… ബ്രസീലിന്റെ സ്റ്റൈലാണ് ഇവർക്ക് ഇഷ്ടമെന്ന് കരുതി അടുത്ത കളിക്ക് നമ്മള് ബ്രസീലായാൽ ഇവർ ബ്രസീലും കടന്ന് ഹോളണ്ടാവും… കളി കഴിഞാൽ വിയർത്ത് നിൽക്കുന്ന നമ്മളെ വന്ന് കെട്ടിപിടിക്കും.. എന്തിനാണ് കെട്ടിപിടിക്കുന്നത് ഞങ്ങൾ ഗോളൊന്നും അടിച്ചില്ലല്ലോ എന്ന് ചോദിച്ചാൽ ആരും കേൾക്കാതെ ചെവിട്ടിൽ പറയും നല്ല കളിയായിരുന്നു നിങ്ങളുടെതെന്ന്.. അപ്പോൾ എന്റെ മനസ്സിൽ ഒരു വെടി പൊട്ടും… ശരിയാണ്.. “കൂടുതൽ ഗോളടിക്കുന്ന മൽസരങ്ങളെക്കാൾ നല്ല കളി സമനിലയാവുന്ന മൽസരങ്ങളാണല്ലോയെന്ന്”… കട്ടക്ക് കട്ട കളിയിൽ മനസ്സ് സന്തോഷമാവും… കളി നിയന്ത്രിക്കാനറിയാവുന്ന പ്രധാന റഫറിയേയും അയാളൊടൊപ്പം എന്തിനും കുടെ നിൽക്കുന്ന ലെൻസ് റഫറിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു… വാലിബൻ ഓർമ്മകൾ…’, എന്നാണ് ഹരീഷ് പേരടി സോഷ്യൽമീഡിയയിൽ കുറിച്ചത്.