മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അനുവദിച്ച ശബരിമല സ്പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകളാണ് ഓടി തുടങ്ങുക. 

സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യൽ നാളെ ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരാബാ​ദിൽ നിന്ന് പുറപ്പെടും. തിങ്കൾ രാത്രി 11.55ന് കൊല്ലത്തെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 21ന് പുലർച്ചെ 2.30ന് കൊല്ലത്തു നിന്ന് മടക്കയാത്ര തുടങ്ങും. 

നർസപുർ- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്ക്ക് 3.50ന് തെലങ്കാനയിലെ നർസപുറിൽ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്ക്ക് 4.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20ന് വൈകിട്ട് എഴിന് കോട്ടയത്തു നിന്ന് പുറപ്പെടും. വന്ദേഭാരത് ഉൾപ്പടെ 200ഓളം ശബരിമല സ്പെഷ്യൽ ട്രെയിനുകളാണ് ഈ വർഷം പരി​ഗണനയിലുള്ളത്. 

അതേസമയം ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. പൂക്കളും ഇലകളും അടക്കം വെച്ച് അലങ്കരിച്ച വാഹനങ്ങളില്‍ തീര്‍ഥാടകര്‍ എത്തരുത്. നിര്‍ദ്ദേശം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. വാഹനങ്ങള്‍ അലങ്കരിച്ച് വരുന്നത് മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നും ഹൈക്കോടതി അറിയിച്ചു. 

കൂടാതെ സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം. സ്വകാര്യ വാഹനങ്ങള്‍ക്കൊപ്പം ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും ഇത്തരത്തില്‍ പൂക്കളും ഇലകളും വെച്ച് അലങ്കരിച്ചാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് അലങ്കാരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. 

ശബരിമലക്ഷേത്ര നട ഇന്നലെ തുറന്നു. പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകിട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11ന് അടയ്ക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. 

ഡിസംബർ 27 വരെ പൂജകൾ ഉണ്ടാകും. ഡിസംബർ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്നലെ പമ്പയിലെത്തിയിരുന്നു. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.