തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിയുടെ ചികിത്സയ്ക്ക് ചെലവായ പണം സർക്കാർ അനുവദിച്ചു. പൂജപ്പുര ഗവൺമെന്റ് പഞ്ചകർമ്മ ആശുപത്രിയിൽ ചെലവായ 2022 സെപ്തംബർ 19 മുതൽ ഒക്ടോബർ 13 വരെ നടത്തിയ ആയുർവേദ ചികിത്സയ്ക്ക് ചെലവായ 10680 രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ അനുവദിച്ച് ഉത്തരവിട്ടത്. 2022 നവംബർ മൂന്നിന് ചികിത്സയ്ക്ക് ചെലവായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി ശശി അപേക്ഷ നൽകിയിരുന്നു. ഈ തുകയാണ് 2023 ജനുവരി 23 ന് അനുവദിച്ചത്. ഗവർണറുടെ ഉത്തരവ് പ്രകാരം ജോയിന്റ് സെക്രട്ടറി എആർ ഉഷയാണ് തുക അനുവദിച്ചത്.

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. 2020 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും 2020 മുതൽ 2023 വരെ കാലയളവിൽ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലും ആയുർവേദ ചികിത്സയ്ക്കും ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ അനുവദിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും തുക അനുവദിച്ചതിന്റെ രേഖ പുറത്തുവന്നത്.