ഗസ്സ: ഓക്സിജനും വൈദ്യുതിയും നിഷേധിച്ച്, പിറന്നുവീണ് മണിക്കൂറുകൾ മാത്രം പിന്നിട്ട കുഞ്ഞുങ്ങളെ പോലും ഇൻകുബേറ്ററിലിട്ട് കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ കൊടുംക്രൂരത ലോകവ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിൽ നിന്ന് മുഖം രക്ഷിക്കാനും തങ്ങളുടെ കൈകളിൽ പുരണ്ട രക്തക്കറ മായ്ക്കാനും ഇസ്രായേൽ നടത്തിയ പച്ചക്കള്ളം പൊളിച്ചടുക്കിയിരിക്കുകയാണ് അൽശിഫ ആശുപത്രിയിലെ ഡോക്ടർമാർ.
ആശുപത്രിക്ക് തങ്ങൾ ഇൻകുബേറ്ററുകൾ നൽകുന്നുവെന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം. എന്നാൽ ഇത് തെറ്റാണെന്നും തങ്ങൾക്ക് ആവശ്യത്തിന് ഇൻകുബേറ്ററുകൾ ഉണ്ടെന്നും അൽശിഫ ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയ പറഞ്ഞു.
“ഇസ്രായേൽ അധിനിവേശ സേന ആശുപത്രിക്ക് ഇൻകുബേറ്ററുകൾ നൽകിയതായി അവകാശപ്പെടുന്നു. എന്നാൽ ഇത് ശരിയല്ല, വ്യാജമാണ്. എന്നുമാത്രമല്ല, ആശുപത്രിയിൽ ആവശ്യത്തിനുള്ള ഇൻകുബേറ്ററുകൾ ഉണ്ട്. ഞങ്ങൾക്ക് ഇനി ഇൻകുബേറ്ററുകളല്ല ആവശ്യം. അവ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിയാണ് വേണ്ടത്. വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ഇന്ധനം തീർന്നിരിക്കുന്നു. ഇന്ധനമെത്തിക്കാൻ ഇസ്രായേൽ സമ്മതിക്കുന്നില്ല” -അദ്ദേഹം പറഞ്ഞു.