ലോകകപ്പിലെ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരുടെ പട്ടിക പുറത്ത്. റിച്ചാർഡ് കെറ്റിൽബറോ, റിച്ചാർഡ് ഇല്ലിംഗ്വേർത്ത് എന്നിവരാണ് ഓൺ ഫീൽഡ് അമ്പയർമാർ. ജോയൽ വിൽസൺ തേർഡ് അമ്പയറും ആൻഡി പ്രൈക്രോഫ്റ്റ് മാച്ച് റഫറിയുമാണ്. റിച്ചാർഡ് കെറ്റിൽബറോ ഇന്ത്യ- ഓസീസ് മത്സരത്തിന്റെ അമ്പയർ ആകുമെന്നുള്ള വാർത്ത ആരാധകർ നിരാശയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സെമിയിൽ മത്സരം നിയന്ത്രിക്കാൻ കെറ്റിൽബറോയില്ലാതിരുന്നത് ആരാധകർക്ക് ആശ്വാസമായിരുന്നു.

കെറ്റിൽ ബറോ എന്ന അമ്പയറെ പേടിയോടെയാണ് ഇന്ത്യൻ ആരാധകർ എന്നും നോക്കി കാണുന്നത്. ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ടിൽ അഞ്ച് തവണയാണ് കെറ്റിൽ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യ തോറ്റിരുന്നു. 2014-ലെ ടി-20 ഫൈനലിൽ ഇന്ത്യ ശ്രീലങ്കയോട് തോറ്റത് മുതൽ 2019 ലെ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ- ന്യൂസിലൻഡിനോട് അടിയറവ് പറഞ്ഞത് വരെ ഇതിൽ ഉൾപ്പെടുന്നു. ഇത്തവണയും ലോകകീരിടമെന്ന സ്വപ്‌നത്തിന് കെറ്റിൽബെറോ ദുശ്ശകുനമാകുമോ എന്ന ആശങ്കയാണ് ആരാധകർക്കുള്ളത്.