ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുദ്ധം മുറുകുകയാണ്. ഒരുവശത്ത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരുത്തു കൂട്ടുകയാണ്. മറുവശത്ത് ‘കിഴവന്‍’ എന്ന് വിമര്‍ശകര്‍ വിമര്‍ശിക്കുന്ന ജോ ബൈഡന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അണികളെയും ആരാധകരെയും പിന്തുണയ്ക്കുന്നവരെയും പിടിച്ചു നിര്‍ത്താന്‍ ബൈഡന്റെ ക്യാമ്പ് പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. അതുകൊണ്ടുതന്നെ ആരോപണങ്ങള്‍ വ്യക്തിപരമായ രീതിയിലേക്ക് മാറുകയുമാണ്.

ട്രംപിനെ നാസി ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ചു കൊണ്ടാണ് ഇപ്പോള്‍ ഡെമോക്രാറ്റുകള്‍ രംഗത്തുവന്നിരിക്കുന്നത്. ഹിറ്റ്‌ലറുടെ ഭാഷയാണ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ 2024 ലെ റീഇലക്ഷന്‍ ടീം ആരോപിച്ചിരിക്കുകയാണ്.

‘നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കള്ളം പറയുകയും മോഷ്ടിക്കുകയും തിരഞ്ഞെടുപ്പില്‍ ചതിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളെയും മാര്‍ക്സിസ്റ്റുകളെയും ഫാസിസ്റ്റുകളെയും തീവ്ര ഇടതുപക്ഷ തെമ്മാടികളെയും വേരോടെ പിഴുതെറിയുമെന്ന്’
ന്യൂ ഹാംഷെയറില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞു. ഇതാണ് ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

അതേസമയം തന്റെ വ്യാജ അവകാശവാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന് ട്രംപ് ന്യൂഹാംഷെയറിലും ആവര്‍ത്തിച്ചു. വെറ്ററന്‍സ് ഡേ ഹോളിഡേയില്‍ നടത്തിയ ട്രംപിന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലും വിമര്‍ശനത്തിന് ഇടയാക്കി. ” വാരാന്ത്യത്തില്‍ മിക്ക അമേരിക്കക്കാരും നമ്മുടെ രാജ്യത്തിന്റെ വീരന്മാരെ ആദരിക്കുമ്പോള്‍, ഡൊണാള്‍ഡ് ട്രംപ്, അഡോള്‍ഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസ്സോളിനിയുടെയും സ്വേച്ഛാധിപത്യ ഭാഷ തത്ത പറയും പോലെ ആവര്‍ത്തിച്ചത് പ്രതിഷേധാര്‍ഹമാണ്. ഈ രണ്ട് സ്വേച്ഛാധിപതികളോട് പോരാടി നിരവധി യുഎസ് വെറ്ററന്‍മാര്‍ ജീവന്‍ തന്നെ ത്യജിച്ചു.’- ബൈഡന്റെ പ്രചാരണ വക്താവ് ആരോപിച്ചു.

എന്നാല്‍ ഇതിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ട്രംപ് ടീമും രംഗത്തുവന്നു. പരിഹാസ്യമായ അവകാശവാദം ഉന്നയിക്കാന്‍ ശ്രമിക്കുന്നവര്‍ ‘ട്രംപ് ഡിറേഞ്ച്‌മെന്റ് സിന്‍ഡ്രോം’ ബാധിച്ചവരാണ്. അവര്‍ എന്തും പിടിക്കുന്ന മഞ്ഞുതുള്ളികള്‍ ആണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തുമ്പോള്‍ അവരുടെ ദുഃഖകരവും ദയനീയവുമായ അസ്തിത്വം തകര്‍ക്കപ്പെടുമെന്നും’ ട്രംപ് പ്രചാരണ വക്താവ് പറഞ്ഞു.

അതിനിടെ തന്റെ പിതാവിനെ പ്രകീര്‍ത്തിച്ച് കൊണ്ട് ന്യൂയോര്‍ക്ക് കോടതിയുടെ വിചാരണയ്ക്കിടെ ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ രംഗത്തു വന്നതു ശ്രദ്ധേയമായി. വിചാരണ പോലും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ട്രംപ് വളച്ചൊടിക്കുന്നതിന്റെ ഉദാഹരണമായി രാഷ്ട്രീയ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ പിതാവിനെ ‘മറ്റുള്ളവര്‍ കാണാത്ത കാര്യങ്ങള്‍ കാണുന്ന’ ‘റിയല്‍ എസ്റ്റേറ്റ് കലാകാരന്‍’ എന്നാണ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ വിശേഷിപ്പിച്ചത്.

മുന്‍ പ്രസിഡന്റ് ഒരു ‘പ്രതിഭ’യാണെന്ന് ട്രംപ് ഓര്‍ഗനൈസേഷനു വേണ്ടി ഇളയ ട്രംപ് വാദിച്ചു. വിചാരണയിലെ ആദ്യത്തെ പ്രതിഭാഗം സാക്ഷിയായിരുന്നു അദ്ദേഹം. കേസില്‍ പിതാവിനും സഹോദരന്‍ എറിക്കിനുമൊപ്പം ഒരു കൂട്ടുപ്രതിയാണ്. കേസില്‍ പരാജയപ്പെട്ടാല്‍ ട്രംപ് റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന് ഭീഷണിയാകും. ന്യൂയോര്‍ക്കില്‍ ബിസിനസ്സ് ചെയ്യുന്നത് നിരോധിക്കുന്നതില്‍ വരെ ഇത് എത്തിയേക്കാം.

അനുകൂലമായ വായ്പകള്‍ ഉറപ്പാക്കുന്നതിനായി ട്രംപ് തന്റെ സ്വത്തുക്കളുടെ മൂല്യം 2 ബില്യണ്‍ ഡോളറിലധികം (1.65 ബില്യണ്‍ പൗണ്ട്) വര്‍ദ്ധിപ്പിച്ചതായി ഒരു ജഡ്ജി ഇതിനകം വിധിച്ചു. കൂടാതെ ബിസിനസ് രേഖകളില്‍ കൃത്രിമം കാണിക്കല്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിചാരണ പുരോഗമിക്കുന്നത്.

കോടതിമുറിയില്‍, ട്രംപ് ജൂനിയര്‍ സന്തോഷവാനും ആത്മവിശ്വാസം തുളുമ്പുന്ന മുഖഭാവത്തോടു കൂടിയുമാണ് എത്തിയത്. വിചാരണയില്‍ അദ്ദേഹം മേധാവിത്വം പുലര്‍ത്തുകയും ചെയ്തു. സാക്ഷിമൊഴികളില്‍ ഭൂരിഭാഗവും കേസിന്റെ അവകാശവാദങ്ങളുമായി വലിയ ബന്ധമില്ലാത്തതായിരുന്നു എന്നതും പ്രോസിക്യൂഷന്റെ ന്യൂനതയായി. ഇടയ്ക്ക് കോടതി മുറിയില്‍ കേസ് കൊണ്ടുവന്ന ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിനെ ‘കുത്തി’ തമാശ പൊട്ടിക്കാനും അദ്ദേഹം തയാറായതും ശ്രദ്ധേയമായി.