വത്തിക്കാൻ സിറ്റി: ഫ്രീമേസണ്റിയിൽ അം​ഗത്വം സ്വീകരിക്കുന്നവരെ വിലക്കി വത്തിക്കാൻ. കത്തോലിക്ക വിശ്വാസികൾ ഒരു കാരണവശാലും ഫ്രീമേസണാകരുതെന്നാണ് വത്തിക്കാന്റെ ശാസന. കത്തോലിക്ക സഭയും ഫ്രീമേസണ്റിയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പൊരുത്തക്കേടുകളുടെ പ്രതിഫലനമാണ് വത്തിക്കാന്റെ പുതിയ ഉത്തരവ്.

ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയും അതേസമയം രഹസ്യസ്വഭാവം പുലർത്തുന്നതുമായ സംഘടനയാണ് ഫ്രീമേസണ്റിയെന്ന് പറയപ്പെടുന്നു. മെഡീവിയൽ കാലഘട്ടത്തിൽ രൂപപ്പെട്ട ഈ സംഘടനയിൽ നിലവിൽ ആറ് ദശലക്ഷം പേർ അം​ഗങ്ങളാണെന്നാണ് കണക്ക്. എന്നാൽ ഫ്രീമേസണാകുന്നത് സാമൂഹ്യവിരുദ്ധവും അധാർമ്മികവുമാണെന്നാണ് വത്തിക്കാന്റെ അവകാശവാദം. കത്തോലിക്കാ വിശ്വാസങ്ങളുമായി നിരവധി പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് സംഘടനയിൽ അം​ഗത്വം സ്വീകരിക്കുന്നത് വിലക്കുന്നതെന്നും വത്തിക്കാൻ വ്യക്തമാക്കുന്നു.

ഫ്രീമേസണാകുന്ന അം​ഗങ്ങൾ വലിയ പാപികളാണെന്നും അവ‍ർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ അധികാരമില്ലെന്നുമാണ് വത്തിക്കാന്റെ പക്ഷം. എന്നാൽ ഇം​​ഗ്ലണ്ടിൽ നിന്ന് മാത്രം ഏകദേശം 1,80,000 അംഗങ്ങൾ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനയിൽ പൊതുവെ സ്തീകളുടെ അം​ഗബലം കുറവാണ്. നിലവിൽ 5,000ത്തോളം ബ്രിട്ടീഷ് വനിതകൾ സംഘടനയുടെ ഭാ​ഗമാണെന്നാണ് റിപ്പോ‍ർട്ട്. എലിസബത്ത് രാജ്ഞിയുടെ ഭ‍ർത്താവായിരുന്ന ഫിലിപ്പ് രാജാവ്, മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഉൾപ്പടെ നിരവധി പ്രമുഖർ ഫ്രീമേസണർമാരായിരുന്നു.