വ്യാഴാഴ്ച വൈകിട്ട് റോമിന്റെ പ്രാന്തപ്രദേശത്തുള്ള ആതിഥ്യത്തിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള ഇടവകയിൽ വച്ച് രൂപതയിലെ 40 ഓളം വൈദീകരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറോളം വൈദീകരുടെ അജപാലനാപരമായ ചോദ്യങ്ങൾക്ക് പാപ്പാ ഉത്തരം നൽകി. കൂടാതെ ഇടവകയുടെ സംരക്ഷണത്തിൽ കഴിയുന്ന ഏഴ് ദരിദ്രകുടിയേറ്റ കുടുംബങ്ങളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

ഒന്നര മണിക്കൂറോളം റോമിലെ ഗതാഗതക്കുരുക്കുകളിലൂടെ ആരേയും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്തതാണ് നവംബർ 16ന് വൈകിട്ട് നാല് മണി കഴിഞ്ഞ് പാപ്പാ അവിടെ എത്തിയത്. റോമിന്റെ പ്രാന്തപ്രദേശങ്ങളിൽ വച്ച് ഏറ്റം പ്രാന്തപ്രദേശത്താണ് ആതിഥ്യത്തിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ ഇടവക ദേവാലയം. ദാരിദ്ര്യവും പാർശ്വവൽക്കരണവും അനുഭവിക്കുന്ന അവിടത്തെ സാമൂഹിക സാഹചര്യങ്ങളിൽ ഇടവക ഐക്യദാർഢ്യത്തിന്റെയും, സഹകരണത്തിന്റെയും സംരംഭങ്ങൾ നടത്തുന്നുണ്ട്.

റോമാ രൂപതയുടെ സഹായമെത്രാൻ ലാംബയും ഇടവക വികാരിയും ചേർന്നാണ് പാപ്പായെ സ്വീകരിച്ചത്. ഇടവക ഗ്രാമംഎന്നു വിളിക്കുന്ന പന്ത്രണ്ട് വീടുകളിൽ സ്വഭവനം നഷ്ടപ്പെട്ട അടിയന്തിരാവശ്യമുള്ള ഇറ്റലിക്കാരേയും വിദേശികളെയും സ്വീകരിക്കുകയും താമസ സൗകര്യം നൽകുകയും ചെയ്യുന്നുണ്ട്. ഭവനം നഷ്ടപ്പെടുന്നതോടെ കുടുംബങ്ങൾ വിഭജിക്കപ്പെടാതെ സൂക്ഷിക്കാനാണിതെന്ന് ഇടവക വികാരി പാപ്പായോടു വിശദീകരിച്ചു. ഒന്നോ രണ്ടോ കൊല്ലം വരെ ഇവർക്ക് ഇടവക സഹായം നൽകും.

പാപ്പായുടെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശം തന്റെ വൈദികരെ കാണുക എന്നതായിരുന്നു. കഴിഞ്ഞ സെപ്തംബർ 29 മുതൽ പാപ്പാ വിവിധയിടങ്ങളിൽ വച്ച് റോമാ രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരെ സന്ദർശിക്കുന്ന പതിവുണ്ട്.40 ഓളം വൈദീകർ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു. സഹായമെത്രാനായ റിക്കാർദോ ലാംബ പരിചയപ്പെടുത്തിയ അവരെ ഓരോരുത്തരേയും പാപ്പാ ഹസ്തദാനം ചെയ്ത് അഭിവാദനം ചെയ്യുകയും ജപമാല സമ്മാനിക്കുകയും ചെയ്തു.

വിവാഹത്തിന്റെ 50 ആം വർഷം ആചരിക്കുന്ന റൊസാരിയോയെയും അന്നയെയും ദേവാലയത്തിൽ വച്ച് പരിചയപ്പെടുത്തിയപ്പോൾ അവരിൽ ആർക്കാണ് കൂടുതൽ ക്ഷമയുള്ളതെന്ന് പാപ്പാ കുശലാന്വേഷണം നടത്തി. കാപ്പി കുടിച്ച ശേഷം വൈദീകരോടൊത്ത് 2023 -2024 അജപാലന വർഷത്തിനായുള്ള പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന ചൊല്ലി. പിന്നീട്  ഒന്നര മണിക്കൂറോളം വൈദീകരുമായി സംസാരിച്ച് ചിലവഴിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചില കാര്യങ്ങൾ കുറിച്ചെടുക്കുകയും ചെയ്തു.

സുവിശേഷം പ്രഘോഷിക്കാനും അവരോടാവശ്യപ്പെട്ട പാപ്പാ, ഇടവകകളിൽ അൽമായരും വൈദീകരുമായുള്ള തുടർച്ചയായ സഹകരണം അർത്ഥമാക്കുന്ന സിനഡൽ രീതി അവലംബിക്കാനും ഓർമ്മിപ്പിച്ചു. വളരെ തുറന്ന സൗഹാർദ്ദപരമായ സംവാദമായിരുന്നു അത് എന്നാണ് സഹായമെത്രാൻ റിക്കാർദോ ലാംബ പാപ്പായുടെ സന്ദർശനത്തെ പറ്റി പറഞ്ഞത്. അവരുടെ കൂടിക്കാഴ്ചയിൽ  അജപാലനാ പരമായ അവരുടെ പ്രവർത്തനങ്ങൾ, ദിവ്യബലി, കൂദാശകൾ, ദാരിദ്ര്യം, സാമൂഹിക ദൗർബല്യമുള്ളവർക്കുള്ള സഹായം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ തുടരുവാനും, ജനങ്ങളോടൊപ്പമായിരിക്കാനും സുവിശേഷം പ്രഘോഷിക്കാനും അവരോടാവശ്യപ്പെട്ട പാപ്പാ, ഇടവകകളിൽ അൽമായരും വൈദീകരുമായുള്ള തുടർച്ചയായ സഹകരണം അർത്ഥമാക്കുന്ന സിനഡൽ രീതി അവലംബിക്കാനും ഓർമ്മിപ്പിച്ചു.