വ്യാജ തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.  യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജൻമാർ വോട്ട് ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. പരാതി ശരിയാണെങ്കിൽ ഗൗരവകരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. രണ്ട് പരാതികൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചു. അന്വേഷണത്തിന് ഡിജിപിക്ക് പരാതികൾ കൈമാറിയെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.