ഭാര്യയെ കൊലപ്പെടുത്താനുറപ്പിച്ച് കാൽസ്യം ക്യാപ്‌സൂളിൽ ബ്ലേഡ് കഷ്ണങ്ങൾ ഒളിപ്പിച്ച് നൽകിയ ഭർത്താവ് പിടിയിൽ. കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 42കാരിയുടെ വയറ്റിലാണ് ബ്ലേഡ് കഷ്ണങ്ങൾ കണ്ടെത്തിയത്. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മാസങ്ങളായി നടക്കുന്ന കൊലപാതക ശ്രമം പുറത്ത് വന്നത്.

മഹാരാഷ്ട്രയിലെ പൂനെയിലാണ് 42കാരിയായ ഛായ എന്ന സ്ത്രീയ ഭർത്താവും 45കാരനുമായ സോമനാഥ് സാധു സപ്കാൽ കൊലപ്പെടുത്താൻ ശ്രമിച്ചത്. പൂനെയിലെ ശിവാനെ സ്വദേശിയാണ് ഇയാൾ. ബാർബറായ സമനാഥ് കാൽസ്യം സപ്ലിമെന്റിലാണ് ബ്ലേഡിന്റെ ചെറുകഷ്ണങ്ങൾ ഒളിപ്പിച്ച് ഛായയ്ക്ക് നൽകിയത്. ഭാര്യയിലുള്ള സംശയം നിമിത്തം ഇയാൾ 42കാരിയെ മർദ്ദിക്കുന്നതും പതിവായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊലപാതക ശ്രമത്തിനും ഗാർഹിക പീഡനത്തിനും ഇയാളെ ബുധനാഴ്ചയാണ് ഉത്തംനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ മാസം മുതലാണ് ഇയാൾ ബ്ലേഡ് ഒളിപ്പിച്ച കാൽസ്യം ഗുളികകൾ ഭാര്യയ്ക്ക് നൽകി തുടങ്ങിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.