ഷിക്കാഗോ: ഷിക്കാഗോയില്‍ യാത്രാ ട്രെയിന്‍ റെയില്‍ ഉപകരണങ്ങളുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 40ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.വ്യാഴാഴ്ച രാവിലെ 10.35 ന് മഞ്ഞ് നീക്കം ചെയ്യാനുള്ള ഉപകരണങ്ങളുമായി ട്രെയിന്‍ കൂട്ടിയിടിച്ചതായി ഷിക്കാഗോ അഗ്‌നിശമന വകുപ്പ് അറിയിച്ചു.

അപകടസമയത്ത് ട്രെയിനില്‍ 31 യാത്രക്കാരും ഏഴ് സിടിഎ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. 31 പേരില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്, എന്നാല്‍ ആര്‍ക്കും ജീവന് ഭീഷണിയില്ലെന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി ചീഫ് പാരാമെഡിക്ക് കീത്ത് ഗ്രേ പറഞ്ഞു.ട്രെയിനിലെ മറ്റ് യാത്രക്കാര്‍ വൈദ്യസഹായം നിരസിച്ചതായും ഗ്രേ പറഞ്ഞു. 

ഷൈല സ്മിത്ത് എന്ന യാത്രക്കാരി വില്‍മെറ്റില്‍ ജോലിക്ക് പോകുന്നതിനായാണ് ട്രെയിനില്‍ തയറിയത്. ഹോവാര്‍ഡ് സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. കൂട്ടിയിടിച്ചതോടെ ട്രെയിനിലെ യാത്രക്കാര്‍ നിലവിളിക്കാന്‍ തുടങ്ങിയെന്നും പ്രായമായ ഒരു സ്ത്രീ തന്റെ സീറ്റില്‍ നിന്ന് വീണുവെന്നും അവര്‍ പറഞ്ഞു.

‘ഭയങ്കരമായ ഒരു ശബ്ദം ഞാന്‍ കേട്ടു,’  ‘ഇത് ഒരു വിചിത്രമായ ശബ്ദമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു? എന്റെ ശരീരം വിറച്ചു.’ അവര്‍ ഷിക്കാഗോ സണ്‍-ടൈംസിനോട് പറഞ്ഞു.