സാന്‍ ഫ്രാന്‍സിസ്‌കോ: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പ്രതിഷേധം.വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് അമേരിക്കയില്‍ ഉടനീളം വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടത്.

ബുധനാഴ്ച രാത്രി, വാഷിംഗ്ടണ്‍ ഡിസിയിലെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ആസ്ഥാനത്തിന് പുറത്ത് നൂറിലധികം പ്രതിഷേധക്കാര്‍ റാലി നടത്തി. ഇവിടെ ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

സമാനമായ പ്രതിഷേധം വ്യാഴാഴ്ചയും തുടര്‍ന്നു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് പ്രതിഷേധക്കാര്‍ വ്യാഴാഴ്ച രാവിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബേ ബ്രിഡ്ജിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഗതാഗതം തടഞ്ഞു.

പ്രതിഷേധക്കാരുടെ പ്രകടനത്തെ നിയമവിരുദ്ധമായ ഒത്തുചേരലായി പ്രഖ്യാപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് മണിക്കൂറോളം അടച്ചിട്ടതിന് ശേഷം പടിഞ്ഞാറോട്ടുള്ള പാതകളെല്ലാം ഉച്ചയോടെ ഗതാഗതത്തിനായി വീണ്ടും തുറന്നു.

പ്രതിഷേധക്കാര്‍ ഇസ്രായേലിന് ഇനി യു.എസ് സൈനിക സഹായം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന ബോര്‍ഡുകള്‍ വഹിച്ചിരുന്നു. പാലത്തിന് കുറുകെ കാറുകള്‍ നിര്‍ത്തി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി പാലത്തിലും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടി. ഇവിടെ ഏകദേശം 2 1/2 മണിക്കൂറാണ് പാലത്തില്‍ ഗതാഗതം നിര്‍ത്തിവച്ചത്.