ന്യൂയോര്‍ക്ക്: അമരിക്കന്‍ കോമഡി താരം ഡാന കാര്‍വിയുടെ മൂത്തമകന്‍, ഡെക്‌സ് അന്തരിച്ചു. 32 വയസ്സായിരുന്നു. മയക്കുമരുന്ന് അമിത അളവില്‍ കുത്തിവച്ചതാണ് മരണകാരണമെന്നാണ് നിഗമനം. മകന്റെ മരണം ഡാന കാര്‍വി തന്നെയാണ് സോഷ്യല്‍മിഡിയയിലൂടെ ലോകത്തെ അറിയിച്ചത്. 

അമിത ഡോസ് മൂലമാണ് മകന്‍ ഡെക്‌സ് കാര്‍വി മരിച്ചതെന്ന് ഡാന കാര്‍വി പറയുന്നു. ‘ഞങ്ങള്‍ക്ക് അവനെ എന്നെന്നേക്കുമായി മിസ് ചെയ്യും’ അദ്ദേഹവും ഭാര്യ പോളയും സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ലോസ് ഏഞ്ചല്‍സിലെ വീട്ടിലേക്ക് രാത്രി 10 മണിയോടെയാണ് വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നത്. അധികൃതര്‍ എത്തുമ്പോഴേക്കും ഡെക്‌സ് മരിച്ചിരുന്നു. ഡെക്സിനെ ബാത്ത്റൂമിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്നും വിളിച്ചിട്ട് പ്രതികരിച്ചില്ലെന്നും കാമുകി പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാരാമെഡിക്കുകള്‍ ഡെക്‌സിനെ ഉണര്‍ത്താന്‍ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പ്രഖ്യാപിച്ചു.പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും ഡെക്സിന്റെ മരണകാരണം നിര്‍ണ്ണയിച്ചിട്ടില്ല. ടോക്സിക്കോളജി ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഡാനയും ഡെക്‌സും സുഹൃത്തുക്കളെപ്പോലെയായിരുന്നു. കോമഡിയുടെ കാര്യത്തില്‍ ഡെക്‌സ് അച്ഛന്റെ പാത പിന്തുടരുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡെക്‌സ് സ്റ്റാന്‍ഡ്-അപ്പ് കോമഡി ലോകത്തേക്ക് തിരിഞ്ഞിരുന്നു.