ജോര്‍ജിയ: ജോര്‍ജിയയിലെ ഫോര്‍ട്ട് സ്റ്റുവര്‍ട്ടിലെ യുഎസ് ആര്‍മി ബേസിന്റെ ഹൗസിംഗ് യൂണിറ്റുകളിലൊന്നിലെ വീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

‘മരിച്ചവരില്‍ ഒരാള്‍ വനിതാ സൈനിക ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവിന്റെയുംും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളും കണ്ടെത്തി. അടുത്ത ബന്ധുക്കളെ വിവരം അറിയിക്കേണ്ടതിനാല്‍ അവരുടെ ഐഡന്റിറ്റികള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒരു ക്ഷേമാന്വേഷണത്തിനായി ഫോര്‍ട്ട് സ്റ്റുവര്‍ട്ട് മിലിട്ടറി പോലീസ് കുടുംബത്തിന്റെ വീട്ടിലെത്തിയത്. കുടുംബം പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈകുന്നേരം 5:30 ഓടെ അവര്‍ മരിച്ചതായി പ്രഖ്യാപിച്ചു.

സംഭവം ഒറ്റപ്പെട്ടതാണെന്നും സവന്നയില്‍ നിന്ന് 40 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സൈനികതാവളത്തിന് ഭീഷണിയില്ലെന്നും അധികൃതര്‍ പറഞ്ഞു. ആര്‍മി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു.

2019 ല്‍, ഫോര്‍ട്ട് സ്റ്റുവര്‍ട്ടില്‍ ഒരു രാത്രി പരിശീലനത്തിനിടെ ടാങ്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം, എയര്‍ഫീല്‍ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.