ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഒരു കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരുകാലത്ത് അമേരിക്കയുടെ ഉറക്കം കെടുത്തിയ ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ തലവൻ ഒസാമ ബിൻ ലാദനാണ് കത്തെഴുതിയത്.

20 വർഷം മുമ്പ് 2000 പേരുടെ മരണത്തിനിടയാക്കിയ 9/11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ ന്യായീകരിച്ചും അമേരിക്കൻ സർക്കാരിനെയും വർഷങ്ങളായി ഇസ്രായേൽ നൽകുന്ന പിന്തുണയെയും വിമർശിച്ചും ഒസാമ ബിൻ ലാദൻ എഴുതിയ കത്ത് സോഷ്യൽ മീഡിയയായ ടിക് ടോക്കിൽ തരംഗമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ്  ഒരു ടിക് ടോക്ക് ഉപയോക്താവ് ബിൻ ലാദന്റെ ‘അമേരിക്കയ്ക്ക് കത്ത്’ എന്ന വിഷയത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ പിന്തുണച്ചതിന് യുഎസിനെ വിമർശിച്ചായിരുന്നു കത്ത്. പിന്നീട് കത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചെങ്കിലും അത് ടിക് ടോക്കിന്റെ മുൻനിര ട്രെൻഡുകളിൽ എത്തിയില്ല.

തുടർന്ന്, മാധ്യമപ്രവർത്തകൻ യാഷർ അലി ബിൻ ലാദന്റെ കത്ത്  അടിസ്ഥാനമാക്കിയുള്ള അത്തരം ടിക് ടോക്ക് വീഡിയോകളുടെ ഒരു സമാഹാരം മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ടു, അത് വലിയ ചർച്ചയ്ക്ക് വേദിയായി.

അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്തെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ 9/11 ന് ശേഷമാണ് ബിൻ ലാദൻ അമേരിക്കയ്ക്ക് കത്തെഴുതുന്നത്. 2,996 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ ന്യായീകരിക്കുന്നതിനൊപ്പം, വർഷങ്ങളായി ഇസ്രായേലിന് യുഎസ് സർക്കാർ നൽകുന്ന പിന്തുണയെയും ഫലസ്തീനികളെ അടിച്ചമർത്തുന്നതിലെ പങ്കാളിത്തത്തെയും കുറിച്ചുള്ള വിമർശനങ്ങളും കത്തിലുണ്ട്. അമേരിക്കൻ യുവാക്കൾക്കിടയിൽ കത്ത് ചർച്ചയായതോടെ 2002ൽ പ്രസിദ്ധീകരിച്ച ബിൻ ലാദന്റെ കത്തിന്റെ പൂർണരൂപം ഗാർഡിയൻ വെബ്‌സൈറ്റിൽ നിന്ന് ബുധനാഴ്ച നീക്കം ചെയ്തു.