ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ബുധാലിലെ ഗുല്ലര്‍-ബെഹ്റോട്ട് പ്രദേശത്താണ് സംഭവം. രാവിലെ സൈന്യത്തിന്റെയും പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.  

പ്രദേശത്ത് സംശയാസ്പദമായ ചില നീക്കങ്ങള്‍ നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

നേരത്തെ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കുൽഗാം ജില്ലയിൽ നടക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷന്റെ രണ്ടാം ദിവസമായ ഇന്നാണ് അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചത്. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ  പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കുൽഗാമിലെ ദംഹൽ ഹൻജി പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് കശ്മീർ സോൺ പോലീസ് എക്‌സിലൂടെ അറിയിച്ചു. വ്യാഴാഴ്ച പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 

വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവയ്പുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിന്നു. സംനൂ നെഹാമ മേഖലയിലാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. 

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയാണ് സംഭവം. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 

നിയന്ത്രണരേഖയ്ക്ക് സമീപം ചില സംശയാസ്പദ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. പിന്നാലെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് സൈന്യത്തിന് മനസിലായി. ഇതോടെ ഇരുവിഭാഗവും തമ്മിൽ വെടിവയ്പുണ്ടായി. അടുത്തിടെയായി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമങ്ങൾ തുടരുകയാണെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. 

നവംബർ ഒമ്പതിന് കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. പുലർച്ചെ കതോഹലൻ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. മൈസർ അഹമ്മദിന് ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു. 

മറ്റൊരു സംഭവത്തിൽ, രാംഗഡ് സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന് പരിക്കേറ്റു. ചൊവ്വാഴ്‌ച, ജമ്മു കശ്മീർ  താഴ്‌വരയിൽ ഭീകരർ നടത്തിയ ആക്രമണങ്ങളിൽ ഒരു പോലീസുകാരനും ഒരു പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഒക്‌ടോബർ 30 മുതൽ മൂന്ന് ദിവസങ്ങളിലായി തുടർച്ചയായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് 10 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നാണ് പൊതു അറിയിപ്പിൽ പറയുന്നത്. ഒക്ടോബർ 29ന് ശ്രീനഗറിലെ ഈദ്ഗാഹ് മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഇൻസ്‌പെക്ടർ മസ്‌റൂർ അലി വാനിക്ക് നേരെ ഭീകരൻ വെടിവച്ചതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. 

അടുത്ത ദിവസം, പുൽവാമയിലെ ട്രംചി നൗപോറ മേഖലയിൽ മുകേഷ് കുമാർ എന്ന തൊഴിലാളി  ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷം, ബാരാമുള്ളയിലെ വൈലൂ ക്രാൽപോറ ഏരിയയിലെ വസതിക്ക് പുറത്ത് ഭീകരരുടെ വെടിയേറ്റ് കോൺസ്റ്റബിൾ ഗുലാം മുഹമ്മദ് വെടിയേറ്റ് മരിച്ചിരുന്നു. 

ഒക്ടോബർ 26 ന് കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണരേഖയിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഒക്ടോബർ 22 ന് ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. മച്ചിൽ സെക്ടറിൽ നാലും കേരൻ സെക്ടറിലെ ജുമാഗുണ്ട് മേഖലയിൽ അഞ്ചും ഉൾപ്പെടെ 11 നുഴഞ്ഞുകയറ്റക്കാരെ ജൂണിൽ വെടിവച്ചു കൊന്നിരുന്നു.