മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്കയെ പരിശ്രമത്തിലൂടെ അഭിനയത്തിൽ മികവ് വരുത്തി മുന്നേറിയ നടനായാണ് ഏവരും വിശേഷിപ്പിക്കുന്നത്. പരിമിതികൾ തിരിച്ചറിഞ്ഞ് തിരുത്തുകൾ വരുത്താൻ മമ്മൂട്ടി എന്നും ശ്രദ്ധിക്കുന്നു. 

കരിയറിലെ സുവർണകാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇന്ന് കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി മികച്ച സിനിമകൾ മമ്മൂട്ടിയെ തേടിയെത്തുന്നു. കണ്ണൂർ സ്‌ക്വാഡാണ് ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. കാതൽ ആണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. നവംബർ 23നാണ് ചിത്രം തിയേറ്ററിൽ റിലീസിന് എത്തുന്നത്. ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സിനോപ്സിസ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഭാര്യ ഓമന, മകൾ ഫെമി, പിതാവ് എന്നിവരോടൊപ്പം താമസിക്കുന്ന ജോർജ് ദേവസിയുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. റിട്ട. കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനാണ് ജോർജ് ദേവസി.

ജോർജ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഓമന വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. ജോർജ് സ്വവർഗാനുരാഗിയാണ്, അതിൽ പ്രശ്‌നവുമില്ലെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന ഹർജിയാണ് ഓമന നൽകുന്നത് എന്നാണ് ഐഎഫ്എഫ്‌ഐയിലെ സിനോപ്സിസ് പറയുന്നത്.

ഇത് തന്റെ രാഷ്ട്രീയ മോഹങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ജോർജ്ജ് ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു. സ്വവർഗ ലൈംഗിക ബന്ധങ്ങളെ കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ, വിവാഹത്തിന്റെ നിലനിൽപ്പ്, നീതി എന്നിവ സിനിമ പര്യവേക്ഷണം ചെയ്യുന്നുണ്ട് എന്നും സിനോപ്സിസിൽ പറയുന്നുണ്ട് എന്നാണ് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. 

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർഷ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക് ഉടനെത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ.

കാതലിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്‌സൺ  പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു ങജടഋ, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസ്ലാം പുല്ലേപ്പടി,സ്റ്റിൽസ് : ലെബിസൺ ഗോപി , ഡിസൈൻ : ആന്റണി സ്റ്റീഫൻ ,പി ആർ ഓ : പ്രതീഷ് ശേഖർ.