ഇസ്രായേലും പലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിലെ മരണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പശ്ചിമേഷ്യയിലെ പുതിയ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും സംഘർഷത്തിൽ ഇന്ത്യ സംയമനം പാലിക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേർത്തു.

“സംവാദത്തിനും നയതന്ത്രത്തിനും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ സാധാരണക്കാരുടെ മരണത്തെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” അദ്ദേഹം പറഞ്ഞു. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ സംഭാഷണത്തെത്തുടർന്ന് ഇന്ത്യ പലസ്തീനികൾക്ക് മാനുഷിക സഹായം അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. “ആഗോള നന്മയ്ക്കായി ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഒന്നിക്കേണ്ട സമയമാണിത്…,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രായേൽ പലസ്തീൻ സംഘർഷം തുടരുകയാണ്.  ഭീകര സംഘടനയായ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയയുടെ വീട് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ആക്രമിച്ചിരുന്നു. ഹനിയയുടെ വീടിന് നേരെ വ്യോമാക്രമണം നടത്തിയെന്നാണ് അവകാശവാദം. ഹമാസിന്റെ പ്രധാന രാഷ്ട്രീയ നേതാവായ ഹനിയ ഖത്തറിലെ ദോഹയിലാണെന്നാണ് വിവരം. സ്ഫോടനത്തിന്റെ ആകാശ ദൃശ്യങ്ങൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 

ഹനിയയുടെയും കുടുംബത്തിന്റെയും രണ്ട് വീടുകൾ ഇസ്രായേൽ ആക്രമിച്ച വിവരം ഹമാസ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹനിയയുടെ ഗാസയിലെ വസതിയിൽ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സൈന്യം വീഡിയോ ദൃശ്യങ്ങൾ സഹിതം അറിയിച്ചത്. ഒരു തീവ്രവാദ കേന്ദ്രമായും ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കും ഈ വീട് ഉപയോഗിച്ചിരുന്നുവെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.