കുമ്പള: പുതിയ മുതല വന്നതിനു പിന്നാലെ അനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം. മുതലയെ കാണാനും ദർശനത്തിനുമായി കർണാടകത്തിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിൽ നിന്നായി അടുത്തിടെ അയ്യായിരത്തോളം വിശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ ദിവസം മൂന്നു തവണ മുതലയെ കുളത്തിൽ കണ്ടെത്തി. മുതലയ്ക്ക് രണ്ടര മീറ്റർ നീളമുണ്ട്. ശരിയായ രീതിയിൽ കാണാത്തതിനാൽ വയസ് നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.

അനന്തപുരം ക്ഷേത്രത്തിലെ കുളത്തിൽ മുൻപുണ്ടായിരുന്ന ബബിയ എന്ന് പേരുള്ള മുതല ഒരുവർഷം മുൻപാണ് വിടവാങ്ങിയത്. ബബിയയുടെ പിൻഗാമിയായി വന്ന പുതിയ മുതലയ്ക്ക് പേര് കണ്ടെത്തൽ അടക്കമുള്ള ചടങ്ങുകൾ നടത്താനുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് മുതലയെ വീണ്ടും ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയതോടെയാണ് ഇവിടേക്ക് വിശ്വാസികളുടെ പ്രവാഹം ആരംഭിച്ചത്.

യാദൃശ്ചികമായി വന്നതുകൊണ്ട് മുതലയുടെ പരിപാലനത്തെക്കുറിച്ച് ക്ഷേത്ര ഭാരവാഹികൾ ആലോചനകൾ നടത്തി വരുന്നതേയുള്ളൂ. നേരത്തെ ഉണ്ടായിരുന്ന ബബിയ എന്ന പേര് നാട്ടുകാർ വിളിച്ചു വന്നിരുന്നതാണ്. പുതിയ മുതലയെ എന്ത് പേരിട്ട് വിളിക്കണമെന്ന തീരുമാനം വന്നിട്ടില്ല. കൂടാതെ, നേരത്തെയുണ്ടായ പ്രധാന വഴിപാടായ ‘മുതലയ്ക്ക് നൈവേദ്യം’ കൊടുക്കലും പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ബബിയ മരണപ്പെട്ടതോടെ നിർത്തിയ വഴിപാടായിരുന്ന മുതലയ്ക്ക് നൈവേദ്യം എന്ന വിശേഷ വഴിപാട്.

മുതലയെ ഭക്തിയോടെ കാണുകയും വഴിപാടുകൾ നേരുകയും ചെയ്യുന്നതിനായി നിരവധി പേർ എത്താറുണ്ടായിരുന്നു. മുതലയ്ക്ക് നൈവേദ്യം നൽകിയതിലൂടെ വിശ്വാസികളുടെ ഇടയിൽ പല സംഭവങ്ങളും യാഥാർഥ്യമായതായി പറയാറുണ്ട്. മൂന്ന് വർഷം മുൻപ് മൈസൂരിൽനിന്ന് അനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയ കുടുംബത്തിലെ ദമ്പതികൾക്ക് ബബിയ മുതലയെ കണ്ട് പ്രാർഥിച്ചതിനു പിന്നാലെ പെൺകുഞ്ഞ് ജനിക്കുകയും ഈ കുട്ടിക്ക് ബബിയ എന്ന് പേര് നൽകിയതായും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു. പുതിയ മുതലയ്ക്ക് പേരിടുന്നത് ജ്യോത്സ്യൻമാരെ എത്തിച്ച് പ്രശ്‌നം വെച്ച് നോക്കി മാത്രമായിരിക്കുമെന്നും കേൾക്കുന്നുണ്ട്.