ദോഹ: ഗാസയിലെ കുട്ടികളെ സംരക്ഷിക്കുന്നതിലും അവര്‍ക്ക് ആശ്വാസം നല്‍കുന്നതിലും യുനെസ്‌കോ പരാജയപ്പെട്ടതില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീമിന്റെ മാതാവ് ഷെയ്ഖ മോസ ബിന്‍ത് നാസര്‍ മാപ്പ് പറഞ്ഞു. യുനെസ്‌കോ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനം രാജിവയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു.

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ‘യുനൈറ്റഡ് ഫോര്‍ പീസ് ഇന്‍ പലസ്തീന്‍’ ഉച്ചകോടിയിലാണ് രാജി പ്രഖ്യാപിച്ചത്. തുര്‍ക്കി പ്രഥമ വനിത എമിന്‍ ഉര്‍ദുഗാന്‍ ആണ് സമ്മേളനത്തില്‍ ആതിഥേയത്വം വഹിച്ചത്.

അടിസ്ഥാന, ഉന്നത വിദ്യാഭ്യാസത്തിനായുള്ള യുനെസ്‌കോയുടെ പ്രത്യേക ദൂതനാകാനുള്ള അന്നത്തെ ഡയറക്ടര്‍ ജനറല്‍ മിസ്റ്റര്‍ കൊയ്ചിറോ മത്‌സുറയുടെ ക്ഷണം സ്വീകരിക്കുമ്പോള്‍ സംഘടനയോട് വലിയ ബഹുമാനമാണ് ഉണ്ടായിരുന്നതെന്ന് ഉച്ചകോടിയില്‍ ഷെയ്ഖ മോസ പറഞ്ഞു. നമുക്ക് ഒരുമിച്ച് വിദ്യാഭ്യാസ മേഖലയെ മാറ്റാനും സംരക്ഷിക്കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ യുനെസ്‌കോയുടെ നിശ്ശബ്ദതയില്‍ ഞാന്‍ നിരാശനായി. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുകയും ഗാസയില്‍ സ്‌കൂളുകള്‍ നശിപ്പിക്കുകയും ചെയ്യുന്നു. അത് യുനെസ്‌കോയുമായും അതിന്റെ നയങ്ങളുമായും ഒരു തലത്തിലും യോജിക്കുന്നില്ല-ഷെയ്ഖ മോസ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം ഈ കൂട്ടക്കൊല എത്രനാള്‍ നിരീക്ഷിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുമെന്ന് അവര്‍ ചോദിച്ചു. അറബ്, ഇസ്‌ലാമിക ലോകം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും ശൈഖ മോസ ഊന്നിപ്പറഞ്ഞു. ഗാസയിലെ കുറ്റകൃത്യങ്ങളെ വിമര്‍ശിക്കുന്നതില്‍ എങ്ങനെയാണ് യഹൂദ വിരുദ്ധത ആരോപിക്കാനാവുകയെന്നും അവര്‍ ചോദിച്ചു.

ഗാസയിലെ ആശുപത്രികളെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തര്‍ ആവശ്യപ്പെടുന്നു. പലസ്തീനികളെ സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ഖത്തര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ വളരെ കുറവാണത്. ആസുരകാലത്ത് മുസ്‌ലിം സമൂഹത്തിന്റെ അന്തസിനെ പലസ്തീന്‍ ജനത ഉയര്‍ത്തിപ്പിടിച്ചു. പലസ്തീനിലെ കുട്ടികളേ, നിങ്ങള്‍ യഥാര്‍ത്ഥ മനുഷ്യരായി ജനിച്ചുവെന്നും മാന്യതയുടെ ആള്‍രൂപമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിങ്ങളുടെ പ്രതിരോധവും സത്യസന്ധതയും ആധിപത്യത്തിനായി ശ്രമിക്കുന്നവരുടെ പരാജയം തുറന്നുകാട്ടുന്നു. നിങ്ങള്‍ എപ്പോഴും ഞങ്ങള്‍ക്ക് അഭിമാനമായി നിലകൊള്ളും- ഷെയ്ഖ മോസ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ച ശേഷം മാത്രം ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അയ്യായിരത്തോളം ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിവരം. രാജി തീരുമാനത്തെയും ഉറച്ച നിലപാടിനെയും ഖത്തര്‍ സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി മേധാവിയുമായ ഡോ. ഹമദ് അബ്ദുല്‍ അസീസ് അല്‍ കവാരി പ്രശംസിച്ചു.

2012ല്‍ സ്ഥാപിച്ച എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ഷെയ്ഖ മോസ. 2003 യുനെസ്‌കോയുടെ അടിസ്ഥാന, ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക ദൂതനായി സേവനമനുഷ്ഠിച്ചുവരുന്നു. ഈ മേഖലയില്‍ നിരവധി പ്രോജക്ടുകള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിരുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുനെസ്‌കോ അഥവാ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍. 1945ലാണ് ഈ സംഘടന രൂപം കൊണ്ടത്.