കോഴിക്കോട്: പിതാവിനുള്ള മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. വടകര മണിയൂർ പാലയാട്ട് നട മീനത്തുകരയിലെ കോമത്ത് മീത്തൽ അഭിരാം (26) ആണ് മരിച്ചത്. നടുവണ്ണൂരിനടുത്ത് തോട്ടുമൂല പാലത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.

അഭിരാം സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പയ്യോളി തിക്കോടിയിലെ എഫ്സിഐ ഗോഡൗണിൽനിന്ന് റേഷനരിയുമായി കാവുന്തറ വഴി കരുവണ്ണൂരിലെ ഗോഡൗണിലേക്ക് പോകുകയായിരുന്നു ലോറി.

പിതാവ് മാധവനെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് തിരികെ വരികയായിരുന്നു അഭിരാം. നരക്കോട് അങ്ങാടിയിലെത്തിയപ്പോളാണ് മരുന്ന് വാങ്ങിയില്ലെന്ന കാര്യം ഓർത്തത്. തുടർന്ന് പിതാവിനെ നരക്കോട് അങ്ങാടിയിലിറക്കി ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി തിരികെവരുമ്പോഴാണ് അപകടം.

തോട്ടുമൂല പാലത്തിലേക്കുള്ള റോഡിലെ വളവിലും പാലത്തിലും ഇതിനു മുൻപും വാഹനാപകടം ഉണ്ടായിട്ടുണ്ട്. അഭിരാമിൻ്റെ പിതാവ് മാധവൻ വടകര നഗരസഭയിലെ കണ്ടിൻജന്റ് വിഭാഗം ജീനവക്കാരനാണ്. അമ്മ ബേബി സോണി അങ്കണവാടി വർക്കറാണ്. സഹോദരി: സ്മേര.