രജനികാന്ത് ചിത്രം ജയിലറിന് ശേഷം തമിഴ് സിനിമയിൽ തകർക്കാൻ വീണ്ടും മോഹൻലാൽ. തമിഴിലെ പ്രശസ്ത സംവിധായകൻ എ. ആർ മുരുഗദോസും ശിവകാർത്തികേയനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് മോഹൻലാലും എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. പാൻ ഇന്ത്യൻ ചിത്രമായാണ് ഇവ ഒരുങ്ങുന്നത്. 

ബോളിവുഡ് സൂപ്പർ താരം വിദ്യുത് ജംവാളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  എസ്‌കെ 23 എന്നാണ് ചിത്രത്തിന് ഇപ്പോൾ ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. മൃണാൾ താക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം. 

ഒരു വർഷത്തിന് ശേഷമാണ് മുരുഗദോസ് പുതിയ ചിത്രവുമായി എത്തുന്നത്. നെൽസൺ- രജനി ചിത്രം ‘ജയിലറി’ൽ മികച്ച പ്രകടനമായിരുന്നു മോഹൻലാൽ അവതരിപ്പിച്ച മാത്യുവിന്റേത്. കുറഞ്ഞ സമയം മാത്രമേ സ്‌ക്രീനിൽ ഉണ്ടായിരുന്നതെങ്കിലും ഗംഭീര പ്രകടനമായിരുന്നു ആ കഥാപാത്രത്തിലൂടെ മോഹൻലാൽ പുറത്തെടുത്തത്.